കൊല്ലം : മുഖത്തല കണിയാംതോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുഖത്തല കുറുമണ്ണ വയലിൽ വീട്ടിൽ നൂഹ് എന്ന് വിളിക്കുന്ന സലിമിന്റെ (47) മൃതദേഹമാണ് ഇന്നലെ രാവിലെ 6.30 ഓടെ പുതുച്ചിറ പെരുംകുളം ഭാഗത്ത് കണ്ടെത്തിയത്. തുടർന്ന് സ്കൂബ സംഘം എത്തി മൃതദേഹം കരയ്ക്കെടുത്തു. കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കണിയാംതോടിന്റെ കരയിൽ നിൽക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നി രക്ഷാസേനയും സ്കൂബ സംഘവും എത്തി കണിയാതോട്ടിലും പെരുംകുളം ഭാഗത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കിഴക്കേ പേരൂർ മുസ്ലിം ജമാഅത്തിൽ കബറടക്കി. ക്ഷീര കർഷകനും വെറ്റിലത്താഴം പാടശേഖര സമിതി അംഗവുമായ സലിം അവിവാഹിതനാണ്. സലിമിന്റെ അച്ഛൻ പരേതനായ ഇബ്രാഹിംകുട്ടി. അമ്മ കാസിം ബീവി. സഹോദരങ്ങൾ: ഷഹബാനത്ത്, ഷാഹിദ, ലൈല, റഷീദ്, നബീസത്ത്, പരേതനായ അബ്ദുൽ റഹിം കുട്ടി. കൊട്ടിയം പൊലീസ് കേസെടുത്തു.