ശാസ്താംകോട്ട:കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ വ്യാപക നാശനഷ്ടം. താലൂക്കിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താലൂക്കിലെ മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ, ശൂരനാട് തെക്ക് , ശൂരനാട് വടക്ക് എന്നീ 7 പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. മുൻ വർഷങ്ങളിൽ വെള്ളം കയറാത്ത സ്ഥലങ്ങളിൽ പോലും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി. ഏലാകൾ അടക്കമുള്ള കൃഷിസ്ഥലത്തെ കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. വ്യാപകമായ തോതിൽ റോഡുകളും തകർന്നിട്ടുണ്ട്. പടിഞ്ഞാറെ കല്ലടയിൽ ഒരു വീട് തകർന്നു. അയിത്തോട്ടുവാ നെടുംതറ കിഴക്കതിൽ സുപ്രഭയുടെ വീടാണ് പൂർണമായും നശിച്ചിട്ടുള്ളത്. ഉദ്ദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന്റെ ഓട് വീണ് സുപ്രഭയ്ക്ക് പരിക്കേറ്റു. സുപ്രഭയും മകളുമായിരുന്നു ഇവിടെ താമസം. ഇവർ ബന്ധുവീടുകളിലേക്ക് മാറി. കൊല്ലം തേനി ദേശീയ പാതയിൽ ചക്കുവള്ളിയ്ക്ക് സമീപം ഈയ്യാനം ജംഗ്ഷനിൽ റോഡരികിൽ നിന്ന കൂറ്റൻ മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്സും ചേർന്ന് ഇത് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ ശൂരനാട് വടക്ക് വില്ലേജ് പരിധിയിൽ 2 ക്യാമ്പും ശൂരനാട് തെക്ക് വില്ലേജിൽ ഒരു ക്യാമ്പും പ്രവർത്തനം ആരംഭിച്ചു. തെന്നല ഗവ.യു.പി എസിൽ 43 കുടുംബങ്ങളെയും അഴകിയകാവ് ഗവ.എൽ.പി.എസിൽ 13 കുടുംബങ്ങളെയും ശൂരനാട് തെക്ക് വില്ലേജിൽ കുമാരഞ്ചിറ ഗവ.യു.പി.എസിൽ 8 കുടുംബങ്ങളെയുമാണ് മാറ്റി പാർപ്പിച്ചത്. ഇനിയും ക്യാമ്പിലേക്ക് അന്തേവാസികൾ എത്താൻ സാദ്ധ്യതയുണ്ട്.