കൊല്ലം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഒറ്രപ്പെട്ട് കൊച്ചു മരുത്തടി ഭാഗത്തെ പത്തോളം കുടുംബങ്ങൾ. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ ആരും എത്തിയിട്ടില്ലെന്നും പരാതിയുണ്ട്. സ്വന്തമായി ചങ്ങാടം നിർമ്മിച്ചാണ് ഇവർ പുറത്തേക്ക് ഇറങ്ങുന്നത്.
വട്ടക്കായൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച റോഡാണ് വിനയായത്. പലയിടങ്ങളിൽ നിന്നും ഒഴുകി വരുന്ന വെള്ളം കായലിലേക്ക് പോകാൻ വഴിയില്ല. വീടിന് ചുറ്റും വെള്ളമാണെങ്കിലും ദാഹമകറ്റാൻ ഒരു തുള്ളി വെള്ളമില്ല. വീട്ടിനുള്ളിലെയും പുറത്തെയും കക്കൂസുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. ഗ്യഹോപകരണങ്ങൾ മഴവെള്ളം കയറി നശിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല. ചിലർ ബന്ധുവീടുകളിൽ അഭയം തേടി. സ്കൂൾ തുടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ കുട്ടികൾക്ക് പോകാനാവാത്ത അവസ്ഥയാണ്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ സ്ഥിതിഗതികൾ രൂക്ഷമാവും.