അന്യസംസ്ഥാനക്കാരൻ പിടിയിൽ
താമസം ആളൊഴിഞ്ഞ വീടുകളിൽ
കൊല്ലം: മുൻ കോർപ്പറേഷൻ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പക്കൽ മോഷണ ശ്രമം. അന്യസംസ്ഥാനക്കാരനായ യുവാവിനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറി. മുണ്ടയ്ക്കൽ സത്യയിൽ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശുഭദേവന്റെയും മുൻ ഉദയമാർത്താണ്ഡപുരം ഡിവിഷൻ കൗൺസിലർ ശാന്തിനി ശുഭദേവിന്റെയും വീട്ടിലായിരുന്നു മോഷണശ്രമം.
ഇന്നലെ വൈകിട്ട് 4 30 നായിരുന്നു സംഭവം. നൃത്ത പരിശീലക കൂടിയായ ശാന്തിനി കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടയിൽ എത്തിയ യുവാവ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് വീടിന്റെ അടുക്കള വാതിൽ വഴി ഉള്ളിൽ കടന്ന് മുകളിലത്തെ നിലയിലെത്തി കിടപ്പ് മുറി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ശാന്തിനിയുടെ മകനും കുടുംബവും ഈ മുറിയിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ അജ്ഞാതനായ യുവാവിനെയാണ് കണ്ടത്. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ശാന്തിനിയുടെ മകൻ കീഴ്പ്പെടുത്തി.
ബഹളം കേട്ടെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. യുവാവിനൊപ്പം കൂടുതൽ പേരുണ്ടോയെന്ന് അറിവായിട്ടില്ല. മുണ്ടയ്ക്കലിൽ ഏതാനും മാസം മുമ്പാണ് പകൽ ദന്ത ഡോക്ടറുടെ വീട്ടിൽ മോഷണവും മോഷണശ്രമങ്ങളും നടന്നത്. അന്ന് മോഷ്ടാവിനെ പൊലീസ് പിടികൂടിയിരുന്നു.
കോളേജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്ന് പട്ടാപ്പകൽ യുവാവ് പണം കവർന്നതും മരണവീട്ടിലെ മോഷണവും ഏതാനും മാസം മുമ്പാണ് നടന്നത്. എന്നാൽ പൊലീസിൽ ആരും പരാതി നൽകിയിരുന്നില്ല.