vvv
തൊണ്ടിയ്ക്കൽ ദേവീക്ഷേത്രം പീടികയിൽ കടവ് റോഡ്

പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ ഐത്തോട്ടുവ വാർഡിൽ അയൽക്കാർ തമ്മിൽ പൊതുവഴിയെ ചൊല്ലി വർഷങ്ങൾ നീണ്ടുനിന്ന തർക്കം പരിഹരിച്ചിട്ട് മാസങ്ങളായി. എന്നിട്ടും അധികൃതർ വഴി സഞ്ചാരയോഗ്യമാക്കി കൊടുക്കാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. തൊണ്ടിയ്ക്കൽ ദേവീക്ഷേത്രത്തിന് മുന്നിലെ പി.ഡബ്ല്യു.ഡി റോഡിൽ നിന്ന് കല്ലടയാറിന്റെ തീരത്തേക്കുള്ള ഏകദേശം രണ്ട് മീറ്റർ വീതിയുള്ള വഴിയുടെ ഇരുവശങ്ങളിലുമുള്ള ചില കുടുംബങ്ങൾ തമ്മിൽ വഴിയ്ക്കു വേണ്ടി സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നില നിന്നിരുന്ന കേസും തർക്കങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ഇടപെട്ടാണ് പരിഹരിച്ചത്. എന്നാൽ വഴി സഞ്ചാരയോഗ്യമായിരുന്നില്ല. മഴ ശക്തമായതോടെ ഇതുവഴിയുള്ള യാത്രയും ദുരിത പൂർണമായി. വർഷങ്ങളായുള്ള ഈ യാത്രാ ദുരിതത്തിന് അധികൃതർ പരിഹാരം കണ്ടെത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം

വർഷങ്ങളായി ഞങ്ങളുടെ വീടുകളിലേക്കുള്ള വഴിയുടെ വീതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഭൂ ഉടമകളുമായി നിലനിന്നിരുന്ന തർക്കങ്ങളും കേസുകളും കഴിഞ്ഞു .ഈ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടുത്തി ഫണ്ടിന്റെ ലഭ്യതയനുസരിച്ച് വഴി ശരിയാക്കിത്തരാമെന്ന് അധികൃതർ ഉറപ്പു നൽകി. എന്നാൽ ഇന്നേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ബിജു സുഗത

കാർത്തിക ഐത്തോട്ടുവ

ഞാൻ ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ്. പക്ഷാഘാതം പിടിപെട്ട് ദീർഘകാലമായി ചികിത്സയിലുമാണ്. കൂടാതെ പ്രായമായ അമ്മയും കിടപ്പുരോഗിയായ ഭാര്യാമാതാവും എന്റെ കൂടെയാണ് താമസം. ഞങ്ങളിൽ ആർക്കെങ്കിലും ആശുപത്രിയിൽ പോകേണ്ടതായി വന്നാൽ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പ്രധാന റോഡിൽ എത്തിച്ചേരുന്നത്. ഈ ദുരവസ്ഥയ്ക്ക് അധികൃതർ ഒരു പരിഹാരം കണ്ടെത്തണം.

എസ്. സുരേഷ് കുമാർ

(റിട്ട. അസി.ഫയർ ഓഫീസർ )

കളിയിലുവിള വീട്, ഐത്തോട്ടുവ

ഇവിടുത്തെ കുടുംബങ്ങളുടെ പരാതിയിൽ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർമാരുടെ സഹായത്തോടെ റോഡിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തി പൊതുവഴിയായി 2023ൽ പഞ്ചായത്തിന്റെ ആസ്തിയിലും തൊഴിലുറപ്പിന്റെ ആക്ഷൻ പ്ലാനിലും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇനി നിർമ്മാണം പഞ്ചായത്ത് പ്രോജക്ട് വെച്ച് ജില്ല ആസൂത്രണ സമിതി (ഡി.പി.സി )യുടെ അനുമതി വാങ്ങി ടെണ്ടർ നടപടി പൂർത്തീകരിച്ച ശേഷമേ തുടങ്ങുവാൻ സാധിക്കുകയുള്ളൂ.
ഡോ.സി.ഉണ്ണികൃഷ്ണൻ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പടി : കല്ലട