കിളികൊല്ലൂർ: അറുനൂറ്റിംമഗംലം ഡിവിഷനിൽ മങ്ങാട് ജി.ബി.എസ് ജംഗ്‌ഷൻ- മഠത്തിൽമുക്ക് റോഡ് സഞ്ചാരയോഗ്യമല്ലാതായി എട്ടു മാസം പിന്നിട്ടിട്ടും നടപടിയില്ല.
ഹൈടെക് നിലവാരത്തിൽ നവീകരിക്കാൻ കുത്തിപ്പൊളിച്ചു മെറ്റൽ പാകിയ റോഡിൽ ടാറിംഗ് മാത്രം നടന്നില്ല. ടാറിന്റെ ദൗലഭ്യം, മഴ, തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയാണ് തടസമായി ഉന്നയിച്ചത്. ഏകദേശം ഒരു കിലോമീറ്രർ ദൈർഘ്യമുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ കഴിയാത്തത് ഉത്തരവാദിത്വപ്പെട്ടവരുടെ കഴിവുകേടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ മൂന്നാംകുറ്റി ജംഗ്‌ഷനിലെ തുടക്ക ഭാഗത്ത് ഇന്റർലോക്ക് ടൈലുകൾ പാകി മോടി പിടിപ്പിച്ചു കരാറുകാരൻ കളം മാറി നിൽക്കുകയാണ്.
നിരവധി കശുഅണ്ടി ഗോഡൗണുകളും സർക്കാർ സ്‌കൂളും പ്രവർത്തിക്കുന്ന പ്രദേശത്ത്, ഈ റോഡിലൂടെയുള്ള ഇരുചക്ര വാഹനയാത്ര സാഹസികമാണ്. സ്ത്രീകൾ അടക്കം നിരവധി പേർ അപകടത്തിൽപ്പെടുന്നുണ്ട്. വേനലിൽ അസഹനീയമായിരുന്നു പൊടിശല്ല്യം .മഴയത്ത് റോഡ് കുഴഞ്ഞു മറിയാൻ തുടങ്ങി.
റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാൻ പൗരസമിതി രൂപീകരിച്ചു. നേരത്തെ മേയർക്ക് ശാസ്‌ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് കത്ത് നൽകിയിരുന്നു. പ്രദേശവാസികൾ ചേർന്നു 400 ഓളം പേർ ഒപ്പിട്ട നിവേദനവും നൽകി. നടപടിയുണ്ടായില്ല. തുടർന്നു പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനാണ് പൗരസമിതി രൂപീകരിച്ചത്
ജി. പ്രസന്നൻ
പ്രസിഡന്റ്, അറുനൂറ്റിമംഗലം പൗരസമിതി
....................................................
നേരത്തെ പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം കിട്ടാത്തതിനെ തുടർന്നു കരാറുകാരൻ മെല്ലെപ്പോക്കിലാണ്. റീ ബിൽഡ് കേരള പ്രകാരം ഏകദേശം ഒരു കോടിയാണ് പ്രവൃത്തിക്കായി വകയിരുത്തിയത്. ബില്ലുകൾ മാറുന്ന മുറയ്‌ക്ക് പണി ആരംഭിക്കും
ആശ ബിജു, അറുനൂറ്റിമംഗലം ഡിവിഷൻ കൗൺസിലർ