കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കുട്ടികൾക്ക് പരാതികൾ പറയാനും പരിഹാരം കണ്ടെത്താനും വാർഡ് തലത്തിലും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സ്ഥലങ്ങളിലും ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനം കാര്യക്ഷമമാക്കാൻ പൊതുയോഗം തീരുമാനിച്ചു.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ വിലയിരുത്തും. അനാഥരായ കുട്ടികൾ, അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ, ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന കുട്ടികൾ, മറ്റ് വിഷമകരമായ സാഹചര്യത്തിൽ ജീവിക്കുന്ന കുട്ടികൾ ഇവരുടെയെല്ലാം ശ്രദ്ധയും സംരക്ഷണവും ഏറ്റെടുക്കും. കുട്ടികൾക്ക് പഠന വീട്, ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ, ഭിന്നശേഷി കുട്ടികളുടെ ഡാറ്റ ബാങ്ക്, ട്രാഫിക് ഫെസിലിറ്റേഷൻ കമ്മിറ്റി എന്നിവ രൂപീകരിക്കാനും തീരുമാനിച്ചു.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളും അവതരിപ്പിച്ചു, ജില്ലാ ട്രഷറർ എൻ.അജിത്ത് പ്രസാദ് വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ആന്റണി അദ്ധ്യക്ഷയായി. ജില്ലാ ജോ. സെക്രട്ടറി സുവർണൻ പരവൂർ, എക്‌സി. കമ്മിറ്റി അംഗങ്ങളായ മനോജ്, ജി.ആനന്ദൻ, കറവൂർ എൽ.വർഗീസ്, പി.അനീഷ് എന്നിവർ സംസാരിച്ചു.