കരുനാഗപ്പള്ളി: മഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്ന ദുരിത ബധിതരുടെ എണ്ണം പെരുകുന്നു. കരുനാഗപ്പള്ളി താലൂക്കിൽ 8 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇന്നലെയും നിരവധി പേർ പുതുതായി ക്യാമ്പുകളിൽ എത്തി. മഴ കുറഞ്ഞെങ്കിലും വെള്ളത്തിന്റെ ശക്തി കുറഞ്ഞിട്ടില്ല. താഴ്ന്ന വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. 8 ദുരിതാശ്വാസ ക്യാമ്പുകളിൽ 700 ഓളം ദുരിത ബാധിതരാണ് കഴിയുന്നത്. ഇതിൽ കുട്ടികളും വൃദ്ധരും ധാരാളമായി ഉണ്ട്. ഇന്നലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പുകളിൽ എത്തി ദുരിത ബാധിതരെ പരിശോധിച്ച് മരുന്നുകൾ നൽകി. ക്യാമ്പുകളിൽ കഴിയുന്ന പലർക്കും പനിയുള്ളതായി കണ്ടെത്തി. പനി കടുത്താൽ ആശുപത്രിയിലേക്ക് പോകണമെന്ന് നിർദ്ദേശിച്ചു. വെള്ളം തളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ ക്ലോറിനേഷനും നടത്തി. എല്ലാ ക്യാമ്പുകളിലും റവന്യു, മെഡിക്കൽ വിഭാഗങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. തഹസീൽദാറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ക്യാമ്പുകളിൽ എത്തി കാര്യങ്ങൾ നിരീക്ഷിച്ച് വരുന്നു. ദുരിതബാധിതർക്ക് പായും പുതപ്പുകളും വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വനിതാ കമ്മിഷൻ മുൻ അംഗം അഡ്വ.എം.എസ്.താര തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു.