കൊല്ലം: അന്തർസംസ്ഥാന ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ ഏഴംഗസംഘത്തിലെ തമിഴ്നാട് സ്വദേശി കതിരേശനുമായി (24) ഈസ്റ്റ് പൊലീസ് ഇന്നലെ തെങ്കാശിയിലെത്തി തെളിവെടുപ്പ് നടത്തി. തെങ്കാശി അടയ്ക്കല പട്ടണത്തിൽ ബൈക്കുകൾ പൊളിച്ചിരുന്ന ശെൽവന്റെ ഉടമസ്ഥതയിലുള്ള രണ്ട് യാർഡിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

ബൈക്കുകൾ പൊളിച്ച് സ്പെയർ പാർട്ട്സ് വിൽപ്പനയ്ക്കുള്ള കടയിലും ഒളിവിൽ കഴിയുന്ന ശെൽവത്തിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ശെൽവനെ കൂടാതെ സംഘത്തിലെ താന്നി സുനാമി ഫ്ലാറ്റിൽ മണികണ്ഠനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ആര്യങ്കാവ് വഴിയാണ് കതിരേശൻ ബൈക്കുകൾ കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ഒരാഴ്ച മുൻപാണ് മോഷണസംഘം പിടിയിലായത്. കതിരേശൻ ഒഴികെ മറ്റ് പ്രതികളായ കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻ വീട്ടിൽ സലീം (71), പിനക്കൽ തൊടിയിൽ വീട്ടിൽ അനസ്, തമിഴ്നാട് സ്വദേശി കുമാർ (49) എന്നിവർ റിമാൻഡിലാണ്.