കടയ്ക്കൽ: കേരളത്തിലെ വിഭ്യാഭ്യാസ രംഗം പൂർണമായും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരളകൗമുദി കടയ്ക്കൽ ബ്യൂറോ വാർഷികവും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ മുന്നിൽ തന്നെ കേരളത്തിലെ സർവകലാശാലകളുണ്ട്. എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നത് കേരളത്തിലെ സാമൂഹ്യനിലവാരത്തിനൊപ്പം വിദ്യാഭ്യാസ സൗകര്യങ്ങളും മെച്ചപ്പെട്ടത് കൊണ്ടുകൂടിയാണ്. നേരത്തെ ഓലമേഞ്ഞ സ്കൂളുകളിലിരുന്ന് പഠിച്ചിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്ന് വത്യസ്തമായി കേരളത്തിലെ എല്ലാ സർക്കാർ സ്കൂളുകളും ആധുനിക കെട്ടിടങ്ങൾ സഹിതം ഹൈടെക്കായി മാറി. കേരളത്തിലെ വിദ്യാഭ്യാസ രംഗം കേരളത്തിനാകെ മാതൃകയാണ്. കൃത്യമായ ലക്ഷ്യബോധമുള്ളവരാണ് പുതുതലമുറ. അവരെ പരമാവധി പഠിപ്പിക്കണമെന്ന താല്പര്യമാണ് ഭൂരിപക്ഷം രക്ഷിതാക്കൾക്കുമുള്ളത്. പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്. എല്ലാവർക്കും പി.എസ്.സി വഴി ജോലി ലഭിക്കില്ല. അതുകൊണ്ട് തന്നെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സർക്കാർ വലിയ പിന്തുണ നൽകുന്നുണ്ട്. പഠനത്തിനൊപ്പം തന്നെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി കേരളകൗമുദിയുടെ ഉപഹാരം സമ്മാനിച്ചു. പാങ്ങോട് ഡോ. പല്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ജി. ജയസേനൻ, ടാൻഡം എൻട്രൻസ് കോച്ചിംഗ് സെന്റർ ഡയറക്ടർ ഡോ. ബി.രാധാകൃഷ്ണൻ, മേജർ രവീസ് അക്കാഡമി ഓൾ കേരള കോ ഓഡിനേറ്റർ റിട്ട. ക്യാപ്ടൻ ഡി.അനിൽ കുമാർ, കടയ്ക്കൽ പഞ്ചായത്ത് അംഗം കെ.എം.മാധുരി എന്നിവർ സംസാരിച്ചു. ഡോ. ഇടയ്ക്കിടം ശാന്തകുമാർ മാജിക്കിലൂടെ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എൻ.ശ്രീകുമാർ സ്വാഗതവും കേരളകൗമുദി കടയ്ക്കൽ ലേഖകൻ പി.അനിൽ കുമാർ നന്ദിയും പറഞ്ഞു.