ഇന്ന് മുതൽ ഗതാഗത നിയന്ത്രണമില്ല
കൊല്ലം: കല്ലടയാറിന്റെ ശാഖയായ പുത്തനാറിലെ ശക്തമായ കുത്തൊഴുക്കിൽ പാർശ്വഭിത്തി തകർന്ന മൺറോത്തുരുത്ത് ഇടിയക്കടവ് പാലത്തിന്റെ താത്കാലിക ബലപ്പെടുത്തൽ പൂർത്തിയായി. ഇന്ന് മുതൽ പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകില്ല.
പാറകൾ കൊണ്ടുള്ള പാർശ്വഭിത്തി ഒലിച്ചുപോയ ഭാഗത്ത് മൺചാക്കുകൾ അടുക്കിയാണ് ബലപ്പെടുത്തിയത്. മൺറോത്തുരുത്തിലേക്ക് വാഹന ഗതാഗതത്തിനുള്ള ഏക മാർഗമായ ഇടിയക്കടവ് പാലത്തിന്റെ പാർശ്വഭിത്തി ആറ് മീറ്ററോളം നീളത്തിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഒലിച്ചുപോയത്. ഇതോടെ ബസുകളും ലോറികളും പാലത്തിലൂടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇന്നലെ ഇടിയക്കടവ് പാലം സന്ദർശിച്ചു. മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, വൈസ് പ്രസിഡന്റ് ആർ.അനിറ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.ജയചന്ദ്രൻ തുടങ്ങിയവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.