കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ പുലമൺ എട്ടാം ഡിവിഷനിലെ 29-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനുള്ള ഉഴുന്ന് ഉറുമ്പരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമാണെന്ന് ആരോപണം. നഗരസഭ , ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരെ വികരം അറിയിച്ചെങ്കിലും അങ്കണവാടി സന്ദർശിക്കാനോ , ഉഴുന്നു പരിശോധിക്കാനോ ആരും എത്തിയില്ലെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. മാത്രമല്ലപിഞ്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് പല ഭാഗത്തും ഇളകി വീഴുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. ഈ അങ്കണവാടി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും ബി.ജെ.പി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേന്ദ്ര ഭക്ഷ്യ മന്ത്രി എന്നിവർക്കും പരാതി നൽകാൻ തീരുമാനിച്ചു.