കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലിൽ മുഹമ്മദ് ഷാഫിയെ (30) കുത്തി കൊലപ്പെടുത്തിയ കേസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനായ കൊറ്റംകര പുനർ ആലും മൂട് കല്ലുവിള വീട്ടിൽ ലാൽകുമാറിനെയാണ് (41) അഡീ. ജില്ലാ സെക്ഷൻസ് ജഡ്ജി എസ്. സുബാഷ് ശിക്ഷിച്ചത്.
2018 ഏപ്രിൽ 9ന് ആലുംമൂട് ഭാഗത്ത് വച്ച് ലാൽകുമാറും വിദേശത്ത് നിന്ന് ലീവിൽ വന്ന ഷാഫിയുമായി വഴക്കുണ്ടായിരുന്നു. പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഷാഫിയെ അലുംമൂട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ച് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഷാഫിയുടെ വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുത്തേറ്റ് കുടൽമാല പുറത്തുചാടിയ ഷാഫിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണമടയുകയുമായിരുന്നു. മരണപ്പെടുമ്പോൾ ഷാഫിയുടെ കുഞ്ഞിന് 20 ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളു.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളു ഹാജരാക്കുകയും ചെയ്തു. കൃത്യത്തിന്ശേഷം ഒളിവിൽ പോയ ലാൽകുമാറിനെ കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
കുണ്ടറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ ജയകുമാറും ഡി.ബിജുകുമാറും അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ.നിയാസ്, കെ.കെ.ജയകുമാർ എന്നിവർ ഹാജരായി.