1

തൃശൂർ: കരിഞ്ഞുണങ്ങുന്ന നെല്ല്, ചൂടിൽ പാൽ ചുരത്താതെ പശുക്കൾ, തണുപ്പ് തേടി ആഴക്കടലിലേക്ക് പോകുന്ന മത്സ്യങ്ങൾ... കർഷകരും മീൻപിടുത്തക്കാരും അടക്കമുള്ളവരുടെ ജീവിതവും വറുതിയുടെ ഉഷ്ണതരംഗത്തിൽ. കോൾപ്പാടങ്ങളിൽ അടക്കം കൊയ്‌തെടുക്കാറായ നെല്ല് കരിഞ്ഞ് കതിരുകൾ വെള്ളനിറമായ നിലയാണ്. കൊയ്‌തെടുത്താൽ യന്ത്രത്തിന്റെ വാടക പോലും കിട്ടില്ല. വയ്ക്കോലുള്ള പാടശേഖരങ്ങൾ കൊയ്‌തെടുക്കാനും ബാക്കിയുള്ളവ ഉപേക്ഷിക്കാനുമാണ് കർഷകരുടെ ശ്രമം.

കർഷകരുടെ പരാതിയെത്തുടർന്ന് കാർഷിക സർവകലാശാലയിൽനിന്ന് വിദഗ്ദ്ധരും കൃഷി ഓഫീസർമാരും പാടശേഖരങ്ങൾ സന്ദർശിച്ച് പരിശോധിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനു മുന്നിൽ അവരും കൈമലർത്തി. അടുത്ത കൃഷിയിറക്കേണ്ടതിനുള്ള ശ്രമം മേയിൽ തുടങ്ങണം. അതിന് ചില്ലിക്കാശ് പോലും കൈയിലില്ല. അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രത്യേക സഹായധനം അനുവദിക്കണമെന്നാണ് ആവശ്യം.

60 സെന്റ് കൊയ്താൽ കിട്ടേണ്ടത്: 1,500 കിലോഗ്രാം നെല്ല്

ചില കോൾപ്പാടങ്ങളിൽ കിട്ടിയത്: 150 കിലോഗ്രാം.

ജാഗ്രതവേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

പകൽ പത്തിനും അഞ്ചിനും മദ്ധ്യേ കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്ന് മൃഗസംരക്ഷണ വകുപ്പ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവയുണ്ടായാൽ വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം. വായുസഞ്ചാരമുള്ള തൊഴുത്തും ഫാനും എപ്പോഴും നിർബന്ധമാക്കണം. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറിപ്പന്തൽ, തുള്ളി നന, സ്പ്രിങ്ക്‌ളർ, നനച്ച ചാക്ക് എന്നിവയിടണം.


 കുടിവെള്ളം എപ്പോഴും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് പ്രതിദിനം 80- 100 ലിറ്റർ)

 പച്ചപ്പുല്ല് / ഈർക്കിൽ മാറ്റിയ പച്ച ഓല / പനയോല ലഭ്യമാക്കണം

 കാലിത്തീറ്റ രാവിലെയും വൈകിട്ടും വയ്ക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

 ചൂടിൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാം.

 ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ , ഉപ്പ് ,പ്രോബയോട്ടിക്‌സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം.

 പ്രതിരോധശേഷി കുറയുന്നതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കണം.

 അകിടിൽ നിന്നും പാൽ പൂർണമായും രാവിലേയും വൈകിട്ടും കറക്കണം.


സമുദ്ര താപനില ഉയർന്നു, മീനില്ല

നാലുമാസമായി മീനിന് ക്ഷാമമുള്ളതിന് പിന്നാലെ, ഉഷ്ണതരംഗത്തിൽ സമുദ്രതാപനില കൂടിയായതോടെ മീൻപിടിത്തക്കാർ ജീവിതം പുലർത്താൻ നട്ടം തിരിയുകയാണ്. ഇന്ധനച്ചെലവ് താങ്ങാനാകാതെ പലരും കടക്കെണിയിലാണ്. ഇന്ധനച്ചെലവ് കുറയ്ക്കാൻ വലിയ ബോട്ടുകൾ മാറ്റി ചെറിയ ബോട്ടുകളിലേക്ക് മാറി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നില ഇതിലും ദയനീയം. വേനൽസമയത്ത് മത്സ്യലഭ്യത കുറയാറുണ്ടെങ്കിലും ഇതുപാേലെ മീനിന്റെ ക്ഷാമം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യമേഖലയിലുള്ളവർ ഉപരിതല മത്സ്യം പിടിക്കുന്നവരാണ്. താപനില ഉയർന്നതോടെ തീരെ മീനില്ലാത്ത അവസ്ഥയിലായി.