പെരുമ്പിള്ളിശേരി പടിഞ്ഞാറെ പുരയ്ക്കൽ ശങ്കരൻകുട്ടി ചമയ നിർമ്മാണത്തിൽ (ഫയൽ ഫോട്ടോ).
ചേർപ്പ് : പൂരപ്രേമികൾക്ക് തീരാനഷ്ടമായി ആനച്ചമയങ്ങളുടെ അണിയറ ശിൽപ്പി പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി ശങ്കരൻകുട്ടിയുടെ വിയോഗം. നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണം, കൂമ്പൻകിണ്ണം എന്നിവ മനോഹരമായി നിർമ്മിക്കുന്നവരിൽ പ്രഗൽഭനായിരുന്നു ശങ്കരൻകുട്ടി. ക്ഷേത്രങ്ങളിലെ പിച്ചള നിർമ്മാണം, ഭണ്ഡാര നിർമ്മാണം, ആനകളുടെ കൊമ്പു മുറിക്കൽ, ചങ്ങല നിർമ്മാണം, വലിയകോൽ, തോട്ടി, ക്ഷേത്രങ്ങളിലേക്ക് തിരുവായുധ നിർമ്മാണം എന്നീ ജോലികളിലും ശങ്കരൻകുട്ടി വിദഗ്ദ്ധനായിരുന്നു. പൂരങ്ങൾക്ക് ആനച്ചമയം ആദ്യമായി ഉണ്ടാക്കി ഉപയോഗിച്ചത് പെരുവനം പൂരത്തിന് ചേർപ്പ് ഭഗവതിക്ക് വേണ്ടിയായിരുന്നതും ഓർമ്മയാണ്. 1972 മുതൽ തിരുവമ്പാടി ക്ഷേത്രത്തിലെ ഒറ്റൽപ്പണിയുടെ ചുമതലക്കാരനായിരുന്നു. തൃശൂർ പൂരം കുടമാറ്റത്തിന് കാണുന്ന കുടകൾ നിർമ്മിക്കുന്നതിന്റെ പ്രാഥമികഘട്ടം നിർവഹിക്കുന്നതും ശങ്കരൻകുട്ടിയായിരുന്നു. പടിഞ്ഞാറെ പുരയ്ക്കൽ കൊച്ചക്കന്റെയും അമ്മുവിന്റെയും മകനായി 1954ൽ ജനിച്ച ശങ്കരൻകുട്ടി തന്റെ പൂർവികരോടൊപ്പം ഒമ്പതാം വയസിൽ ആനച്ചമയ നിർമ്മാണം ആരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂർണമായും ചമയ നിർമ്മാണങ്ങളിൽ സജീവമായി. തിരുവമ്പാടി, ഗുരുവായൂർ, ചേർപ്പ്, ആറാട്ടുപുഴ ക്ഷേത്രങ്ങൾക്ക് വേണ്ടിയും ഒറ്റൽപ്പണി ചെയ്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ സുലോചനയും ശങ്കരൻകുട്ടിയുടെ ചമയനിർമ്മാണങ്ങളിൽ താങ്ങായിരുന്നു. ചമയ നിർമ്മാണത്തിലെ സൂക്ഷമതയും വൈദ്യഗ്ദ്ധതയും ശങ്കരൻകുട്ടിയെന്ന സുധാകരന് ജീവതാവസാനം വരെ കൈമുതലായിരുന്നു. കരവിരുത് നിറഞ്ഞ ചമയങ്ങൾ ഇനി ശങ്കരൻകുട്ടിയുടെ ഓർമ്മകളിൽ ജ്വലിക്കും.