പാവറട്ടി : ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫൊർ സോഷ്യൽ എംപവർമെന്റ് ദേശീയ പുരസ്‌കാരം ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ടിന് 12ന് തൃശൂരിൽ വച്ച് നൽകും. കാലാവസ്ഥാ വിശകലനത്തിലും പ്രകൃതി സംരക്ഷണ ബോധവത്കരണത്തിലുമുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. പ്രകൃതി സംരക്ഷണം, മാലിന്യ പരിപാലനം, ജല സംരക്ഷണം, വന സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ഹ്രസ്വ ചലച്ചിത്രങ്ങളും ലേഖനങ്ങളും തയ്യാറാക്കിയിട്ടുള്ള ഉണ്ണിക്കൃഷ്ണൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ 'മൗസം' ജേണലിലും വൃശ്ചികക്കാറ്റിനെ ആസ്പദമാക്കി ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 2018ലെ പ്രളയസാദ്ധ്യത സ്റ്റാറ്റിസ്റ്റിക്‌സും ജ്യോതിഷവും ഉപയോഗിച്ച് മുൻകൂട്ടി പ്രവചിച്ചത് കേരളകൗമുദി 2018 ജൂലായിൽ പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വയും ശനിയും ഒരു രാശിയിൽ വരുമ്പോൾ വർദ്ധിക്കുന്ന അന്തരീക്ഷത്തിലെ ചൂടിനെ പറ്റിയും കേരളകൗമുദി വാർത്തകൾ ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഭാഗമായ ഇന്ത്യൻ നോളജ് സിസ്റ്റത്തിന്റെ കേന്ദ്ര ഫെല്ലോഷിപ്പ് ലഭിച്ചതും 2023ലാണ്.

ഇരുപത്തഞ്ചോളം ലേഖനങ്ങളും, 27 ഓളം ഗാനങ്ങളും രചിചിച്ചിട്ടുണ്ട്. 2008ൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം പ്രകാശനം ചെയ്ത പ്രകൃതിയിലെ ഗണിതം പറയുന്ന 'പ്രകൃതിയുടെ സുകൃതം' എന്ന ഹ്രസ്വചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ലഭിച്ചു. എളവള്ളി, വാക തെക്കെപ്പാട്ട് കുട്ടൻ കൈമളുടെയും മലമേൽ പട്ട്യാത്ത് സരസ്വതിഅമ്മയുടെയും മകനാണ്. ചേലക്കര സ്വദേശി ചെറളങ്ങാട്ട് രജിതയാണ് ഭാര്യ. ശ്രീഹർഷ്, ശ്രേഷ്ഠ എന്നിവർ മക്കളാണ്.