pavithran

ഇരിങ്ങാലക്കുട: സ്വകാര്യ ബസിൽ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്ടർ മർദ്ദിക്കുകയും പുറത്തേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഒരുമാസമായി ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് (68) കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായി റിമാൻഡ‌ിൽ കഴിയുന്ന കണ്ടക്ടർ ഊരകം സ്വദേശി രതീഷിനെതിരെ ഇരിങ്ങാലക്കുട പൊലീസ് കൊലക്കുറ്റം കൂടി ചുമത്തി. എപ്രിൽ രണ്ടിന് തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്താ ബസിൽ കരുവന്നൂരിൽ വച്ചായിരുന്നു സംഭവം.

കെ.എസ്.ഇ.ബി ഓഫീസിൽ ബില്ലടയ്ക്കാൻ പോവുകയായിരുന്ന പവിത്രൻ ബംഗ്ലാവ് സ്റ്റോപ്പിലിറങ്ങാൻ കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് ബസിൽ കയറിയത്. ആദ്യം 10 രൂപ നൽകി. 13 രൂപയാണ് ബസ് ചാർജെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ ചില്ലറയില്ലാത്തതിനാൽ അഞ്ഞൂറ് രൂപ കൊടുത്തു. 480 രൂപ കണ്ടക്ടർ തിരികെ നൽകി. ബാക്കി തുകയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പ് കഴിഞ്ഞിരുന്നു.

പുത്തൻതോട് സ്റ്റോപ്പിൽ നിറുത്തിയപ്പോൾ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ കണ്ടക്ടർ മർദ്ദിക്കുകയും പിന്നിൽ നിന്ന് ചവിട്ടി തള്ളിയിടുകയും ചെയ്തു. പുറത്തേക്ക് തലയിടിച്ച് വീണ പവിത്രന് ഗുരുതര പരിക്കേറ്റു. വീണു കിടന്ന പവിത്രനെ ബസിൽ നിന്നിറങ്ങിയ കണ്ടക്ടർ വീണ്ടും മർദ്ദിച്ചു. നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ എല്ല് പൊട്ടിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: കൗസല്യ. മക്കൾ: പ്രണവ്, പ്രിയ.