രണ്ടാംഘട്ട പ്രവർത്തനം ആഗസ്റ്റോടെ പൂർത്തിയാകും, 38 ലക്ഷം രൂപ ചെലവിൽ സോളാർ പ്ലാന്റും സ്ഥാപിക്കും
തൃശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ശക്തനിൽ നിർമ്മിച്ച ആകാശപാത ശീതീകരിക്കുന്നു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആകാശപ്പാത ശീതീകരിക്കുന്നത്. ഇതിനായി ആകാശപ്പാതയുടെ വശങ്ങളിൽ ചില്ലിടുന്ന പ്രവൃത്തി പൂർത്തിയായി കഴിഞ്ഞു. രണ്ട് ലിഫ്ടുകൾ, സോളാർ സംവിധാനം, ഫുൾ ഗ്ലാസ് ക്ലാഡിംഗ് കവർ, എ.സി എന്നിവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.
രണ്ടാം ഘട്ടവും അമൃത് പദ്ധതിയിലൂടെയാണ് നടപ്പിലാക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ എ.സി സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ രണ്ടു ലിഫ്ടുകളുടെ നിർമാണം പൂർത്തിയായിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചത്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യമാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.
സോളാർ പ്ലാന്റ്
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ആകാശപ്പാതയ്ക്ക് മുകളിൽ സോളാർ പ്ലാന്റും സ്ഥാപിക്കും. 38 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിക്കുന്നത്. എ.സി, ലിഫ്ടുകളുടെ പ്രവർത്തനം എന്നിവയ്ക്കായാണിത്.
ആകാശപ്പാത
റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലാണ് ആകാശപ്പാത. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോകാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും കവചമുണ്ട്. 2018ൽ ഭരണാനുമതി ലഭിച്ച പദ്ധതി 2019 ഒക്ടോബറിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടർന്ന് 2023 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറന്നുകൊടുത്തത്.