vahanaghal
കോട്ടപ്പുറം ടോൾ ഗേറ്റ് അപ്രോച്ച് റോഡിൽ പൊലീസ് പിടികൂടിയ വാഹനങ്ങൾ നശിച്ച നിലയിൽ.

കൊടുങ്ങല്ലൂർ : പൊലീസ് പിടിച്ചെടുത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങൾ കോട്ടപ്പുറം ടോൾ ഗേറ്റിനു സമീപം പാർട്ട്‌സുകൾ വേർപ്പെട്ട് തിരിച്ചറിയാൻ പറ്റാത്ത വിധം വാരിവലിച്ചിട്ട നിലയിൽ. വാഹനങ്ങളെല്ലാം വർഷങ്ങളായി മഞ്ഞും മഴയും വെയിലുമേറ്റ് തുരുമ്പായി തീർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് പിടിച്ചെടുത്ത നിരവധി വാഹനങ്ങളാണ് ഒന്നിനും പറ്റാത്ത വിധം തുരുമ്പെടുത്ത് നാശമായിട്ടുള്ളത്. പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ബൈപാസിൽ നിന്നും കോട്ടപ്പുറം ടോൾ ഗേറ്റിന് സമീപമുള്ള അപ്രോച്ച് റോഡിൽ പൊലീസ് തള്ളിയത്. പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം പൊലീസ് മൈതാനത്തും പിന്നീട് ബൈപാസിലും സൂക്ഷിക്കുന്ന രീതിയായിരുന്നു നേരത്തെ പൊലീസ് സ്വീകരിച്ചിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ ബൈപാസിൽ ദീർഘകാലം പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്ന ആക്ഷേപം മൂലം കുറെ വാഹനങ്ങൾ കൊടുങ്ങല്ലൂർ പൊലീസ് കോട്ടപ്പുറം ടോൾ ഗേറ്റിനു സമീപത്തേക്ക് മാറ്റുകയായിരുന്നു. വാഹനങ്ങളുടെ ബാറ്ററികൾ, ടയറുകൾ, പെയിന്റ്, മറ്റ് ഭാഗങ്ങൾ തുടങ്ങിയവ ക്ഷയിച്ച് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ദേശീയപാത നവീകരണ പ്രവൃത്തികൾ നടന്നു വരുന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾ നിർമ്മാണത്തിനും തടസ്സങ്ങൾ ഉണ്ടാക്കിയിരുന്നു. അങ്ങനെ തടസങ്ങൾ ഉണ്ടാക്കുന്ന വാഹനങ്ങളാണ് കരാറുകാരൻ പിന്നെയും ജെ.സി.ബി ഉപയോഗിച്ച് മറ്റ് സ്ഥലത്തേക്ക് തള്ളി മറിച്ചിട്ടുള്ളത്. കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് സിഗ്‌നൽ വശത്തും അവിടെയുണ്ടായിരുന്ന വാഹനങ്ങൾ ദേശീയപാത കരാറുകാരൻ മറ്റ് വശങ്ങളിലേക്കും തള്ളി മറിച്ച നിലയിൽ കാണാം.