ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ഓഫീസ് കോമ്പൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കാനും ഗേറ്റ് സ്ഥാപിക്കാനുള്ള നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്കിടയിൽ ബി.ജെ.പി അംഗം സന്തോഷ് ബോബനാണ് വിഷയം ഉന്നയിച്ചത്. നഗരസഭ ഒരു പൊതുസ്ഥാപനമാണെന്നും പാർക്കിംഗ് എരിയ കാലങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വരികയാണെന്നും അടച്ചുപൂട്ടാനുള്ള തീരുമാനം നഗരസഭയ്ക്ക് മാത്രമായി എടുക്കാൻ കഴിയില്ലെന്നും എൽ.ഡി.എഫ് അംഗം അഡ്വ.കെ.ആർ. വിജയയും പറഞ്ഞു.

മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തോടുകൾ വൃത്തിയാക്കാനും ജൂൺ ഒന്നു വരെ ഇലക്ഷൻ പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ടെണ്ടർ നടപടികൾക്കായി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു. ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജിന്റെ ബൈലോ നിർമ്മാണത്തിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭയുടെ നിയമോപദേശകനായ അഡ്വ.ചന്ദ്രൻപിള്ളയ്ക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ ഫീസ് നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ ഭിന്നാഭിപ്രായം ഉയർന്നു. നഗരസഭാ താത്പ്പര്യങ്ങൾക്ക് എതിരായാണ് അഡ്വ. ചന്ദ്രൻപിള്ള പ്രവർത്തിച്ചിട്ടുള്ളതെന്നും നഗരസഭയ്ക്ക് 90 ലക്ഷം പിഴയായി കിട്ടിയ വിഷയത്തിൽ നഗരസഭയ്ക്ക് എതിരായിരുന്നുവെന്നും സന്തോഷ് ബോബൻ പറഞ്ഞു. ചന്ദ്രൻ പിള്ളയെ മാറ്റണമെന്ന് എൽ.ഡി.എഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്ന് കെ.ആർ. വിജയയും പറഞ്ഞു. 2023 മാർച്ച് 23 വരെയുള്ള ഫീസ് അഭിഭാഷകന് നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷയായി.

മതിൽ നിർമ്മാണത്തിന്റെ ലക്ഷ്യം വിശദീകരിക്കണം. നഗരസഭാ മന്ദിര നിർമ്മാണം തന്നെ നിയമവിരുദ്ധമായാണ് നടന്നത്. കെട്ടിടത്തിന് എങ്ങനെയാണ് നമ്പറിട്ട് കിട്ടിയതെന്ന് വ്യക്തമാക്കണം. കെട്ടിടത്തിന്റെ പ്ലാൻ ഹാജരാക്കിയിട്ട് മതി ഗേറ്റ് നിർമ്മാണം.

- സന്തോഷ് ബോബൻ

(ബി.ജെ.പി അംഗം)

നഗരസഭാ വാഹനങ്ങളുടെ പാർക്കിംഗും രാത്രി സമയത്തെ സുരക്ഷിതത്വവും കണക്കിലെടുത്ത് ദുർബലമായ മതിൽ പൊളിച്ച് പണിയുക മാത്രമാണ് ചെയ്യുന്നത്. രണ്ട് റോഡും അടച്ചുകൊണ്ടുള്ള ഗേറ്റ് അല്ല. ഗേറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പിന്നീട് ചർച്ച ചെയ്യാം.

- സുജ സഞ്ജീവ് കുമാർ

(നഗരസഭാ ചെയർപേഴ്‌സൺ)