ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചാലക്കുടിപ്പുഴയിലെ കൂടപ്പുഴക്കടവിൽ നടന്ന ആറാട്ട് ഭക്തിസാന്ദ്രം. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആർപ്പുവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ സംഗമേശൻ പുഴയിൽ ആറാടി. പൂജാദി കർമ്മങ്ങൾക്ക് ശേഷം മൂന്ന് വട്ടമാണ് ഭഗവാന്റെ തിടമ്പുമായി തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മേൽശാന്തി പുത്തില്ലത്ത് ആനന്ദൻ നമ്പൂതിരിപ്പാട് എന്നിവർ ആറാട്ട് മുങ്ങിയത്.
തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പട്, മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരും കാർമികരായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ കാൽനടയായിട്ടായിരുന്നു എഴുന്നുള്ളത്ത്. കൂടപ്പുഴ മനയിൽ പറനിറപ്പിനു ശേഷം താളമേളങ്ങളോടെ സംഘം ആറാട്ടുകടയിലേക്ക് നീങ്ങി. തുടർന്ന് പുഴക്കടവിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന പന്തലിൽ പൂജാദി കർമ്മങ്ങൾ നടന്നു. മൂന്നുവട്ടമായിരുന്നു പൂജയും ഭഗവാന്റെ നീരാട്ടും. അവസാനം ഭഗവാൻ ആറാടിയ മഞ്ഞൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. തുടർന്ന് ആറാട്ട് കഞ്ഞി വിതരണവും നടന്നു. കൂടപ്പുഴ എൻ.എസ്.എസ് കരയോഗമാണ് ഇതിന് നേതൃത്വം നൽകിയത്. ചെയർമാൻ സി.കെ.ഗോപി, അഡ്മിസ്‌ട്രേറ്റർ ഉഷ നന്ദിനി എന്നിവരുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ആറാട്ടിന് എത്തിച്ചേർന്നു.