ചാലക്കുടി: വിനോദ സഞ്ചാരികൾക്കും സമീപവാസികൾക്കും കൗതുകക്കാഴ്ച സമ്മാനിച്ച് വെറ്റിലപ്പാറ കടവിലെ കാട്ടാനകളുടെ നീരാട്ട്. സമീപത്ത് ആരെല്ലാം നിന്നാലും കൊടും വേനലിലെ അതിജീവിക്കാൻ തണുത്ത വെള്ളത്തിൽ മണിക്കൂറുകളോളം നീരാടുകയാണ് കാടിന്റെ മക്കൾ. വെറ്റിലപ്പാറ കടവിലെ നട്ടുച്ചയിലെ നിത്യകാഴ്ചയാണിത്.
നന്നേ തണുപ്പുള്ള ഇവിടെ ആറും ഏഴും കാട്ടാനകൾ തമ്പടിക്കാറുണ്ട്. മലയിലെ ചോലകളും നീർച്ചാലുകളും വറ്റിവരണ്ടതു മുതൽ തുടങ്ങിയതാണ് ജീവൻ നിലനിറുത്താനുള്ള സഹ്യന്റെ മക്കളുടെ പ്രയാസം. വിനോദ സഞ്ചാരികൾക്ക് ഇതു അപൂർവവും സുന്ദരവുമായ കാഴ്ചയാണ്. രാവിലെയും വൈകിട്ടുമാണ് ആനക്കൂട്ടം ആർദ്രമായ അന്തരീക്ഷം തേടിയെത്തുന്നത്. രാവിലെ വെള്ളം കുടിക്കാനാണെങ്കിൽ ഉച്ചയ്ക്ക് കുളിയാണ് ലക്ഷ്യം.
പ്ലാന്റേഷൻ മേഖലയിൽ നിന്നും പുഴയിലേക്ക് എത്തുന്ന ആനകളിൽ കൊമ്പന്മാരും കുട്ടികളുമുണ്ട്. ചില വേളകളിൽ 15 ആനകൾ വരെ നീരാട്ടിനെത്തുമെന്ന് നാട്ടുകാർ പറയുന്നു. ഇവയിൽ ചില വിരുതന്മാർ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിയും നശിപ്പിക്കുന്നുണ്ട്.