1

കുറഞ്ഞത് 20% ഉത്പാദനം

തൃശൂർ: കടുത്ത ചൂടിൽ ബ്രോയിലർ കോഴികളുടെ ഭാരം കുറയുന്നതും ചാകുന്നതും മൂലം ഫാമിൽ ഉത്പാദനം കുറഞ്ഞു. അന്തരീക്ഷ ആർദ്രത കൂടുന്നതിനാൽ ശരാശരി നാല് ശതമാനം കോഴികളാണ് ചാകുന്നത്. ചൂടിന് മുമ്പ് ഇത് 2.8 ശതമാനമായിരുന്നു. ചൂടായതിനാൽ പകൽ സമയത്ത് കുറച്ച് തീറ്റയാണ് നൽകുക. വെള്ളം കൂടുതലും. ഇതാണ് ഭാരക്കുറവിന് കാരണം.

പതിവുപോലെ കൂടുതൽ തീറ്റ നൽകിയാൽ ചാകാൻ സാദ്ധ്യതയേറെയാണ്. ഫാമിൽ നിന്ന് വിൽപ്പന ശാലകളിലേക്ക് കൊണ്ടുപോകുമ്പോൾ ചാകുന്നതിന്റെ ശതമാനവും മൂന്നിൽ നിന്ന് നാലായി. കൊണ്ടുപോകുന്ന വാഹനങ്ങളിലും കൂടുകളിലും മറ്റും വെള്ളം തളിക്കാറുണ്ടെങ്കിലും കോഴികൾക്ക് അതിജീവിക്കാനാകുന്നില്ല. ജലദൗർലഭ്യമുള്ള ഫാമിൽ ഉത്പാദനം നിറുത്തിയതാണ് ഉത്പാദനക്കുറവിന് മറ്റൊരു കാരണം. കോഴി വില കിലോയ്ക്ക് 160 ആയി ഉയർന്നു. നിലവിൽ കിലോയ്ക്ക് 144 രൂപയാണ്. ഇറച്ചിവില 204 രൂപ. ഉത്പാദനക്കുറവിൽ കോഴിവില കൂടിയേക്കും.


കുതിച്ച് തീറ്റവില

അന്തരീക്ഷ ഊഷ്മാവ് 37- 42 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോഴാണ് കൂടുതൽ കോഴികൾ ചാകുന്നത്. നിലവിൽ പല ജില്ലകളും ഉഷ്ണതരംഗ ഭീഷണിയിലാണ്. കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതയെയും ഇത് ബാധിക്കുന്നു. ഒരു കോഴിക്കുഞ്ഞിന്റെ വില 56 വരെ ഉയർന്നിരുന്നു. നിലവിൽ 48 രൂപയാണ്. ആറ് മാസത്തിനിടെ തീറ്റവിലയും കിലോയ്ക്ക് 36ൽ നിന്ന് 42 രൂപയായി.

ചൂട് കാരണം 35 ശതമാനം പേരും കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ വിമുഖത കാണിക്കുകയാണ്.

- ഡോ. ടി.പി. സേതുമാധവൻ, വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടർ