തൃശൂർ: പ്രശസ്ത കർണാടക സംഗീതജ്ഞനും സംഗീതാദ്ധ്യാപകനുമായ തൃശൂർ നായ്ക്കനാൽ എ.ആർ. മേനോൻ റോഡ് ശ്രീസായി അപ്പാർട്ട്‌മെന്റിൽ മങ്ങാട് കെ. നടേശൻ (90) അന്തരിച്ചു. ശ്വാസതടസത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം മങ്ങാട് സ്വദേശിയാണ്.
ആകാശവാണിയിൽ ജോലി കിട്ടി തൃശൂരിലെത്തിയ അദ്ദേഹം 50 വർഷത്തോളമായി ഇവിടെ സ്ഥിരതാമസമാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് 1958ൽ ഗാനഭൂഷണം പാസായി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, സി.എസ്. കൃഷ്ണയ്യർ, തുടങ്ങിയവർ ഗുരുക്കന്മാരായിരുന്നു. ആകാശവാണിയിൽ കർണാടക സംഗീതത്തെ പരിചയപ്പെടുത്തുന്ന 'സംഗീതപാഠം' പരിപാടി 15 കൊല്ലത്തോളം അവതരിപ്പിച്ചു. ഗായകനായ ജി. കുമാരന്റെയും ജാനമ്മയുടെയും മകനായി 1933 സെപ്തംബർ 13ന് ജനിച്ചു. സംഗീതപഠനത്തിന് ശേഷം മങ്ങാട്ടെ സ്‌കൂളിൽ സംഗീതാദ്ധ്യാപകനായി.സംസ്ഥാന സർക്കാരിന്റെ സ്വാതി സംഗീത പുരസ്‌കാരം, ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാഡമിയുടെ സംഗീത കലാചാര്യ പുരസ്‌കാരം, സംഗീത നാടക അക്കാഡമിയുടെ ഫെലോഷിപ് ' എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: നിർമ്മല. മക്കൾ: ഡോ. എൻ. മിനി (സംഗീത വിഭാഗം മേധാവി, കണ്ണൂർ സർവകലാശാല), എൻ. പ്രിയദർശിനി (സംഗീതവിഭാഗം, കാലടി സംസ്‌കൃത സർവകലാശാല), എൻ. മീര (സംഗീതാദ്ധ്യാപിക). മരുമക്കൾ: ഡോ. സജിത് (ഓൾ ഇന്ത്യ റേഡിയോ മുൻ പ്രോഗ്രാം എക്‌സിക്യൂട്ടിവ്), സുനിൽ പെരുമ്പാവൂർ, സുനിൽ പെരിങ്ങാവ് (ദുബായ്).