തൃശൂർ: ശുദ്ധ കർണാടക സംഗീതം പോലെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച മങ്ങാട് കെ. നടേശന്റെ ജീവിതം. കർണാടക സംഗീതം പഠിക്കാനും പഠിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവച്ചു. പാട്ടുകാരനായ പിതാവിൽ നിന്നാണ് സംഗീതം പകർന്നുകിട്ടിയത്. ഘമാസ്, ഭൈരവി രാഗങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യം മൂലം അദ്ദേഹത്തിന്റെ അച്ഛൻ ഭൈരവി കുമാരൻ, ഘമാസ് കുമാരൻ എന്ന് അറിയപ്പെട്ടിരുന്നു.
കൊല്ലം മങ്ങാടുള്ള, പി.എൻ. ലക്ഷ്മിക്കുട്ടിയമ്മയാണ് ആദ്യഗുരു. ചെറുപ്പത്തിലേ സംഗീതത്തിൽ ആകൃഷ്ടനായിരുന്നു. സമ്പ്രദായ, രാഗ ശുദ്ധികൾ, രാഗശുദ്ധിയുള്ള മനോധർമ്മം, സർവലഘു സ്വരങ്ങളുടെ പ്രയോഗം, കൃതികളുടെ ഏറ്റവും ശുദ്ധമായ ആലാപനം തുടങ്ങിയവ മങ്ങാടിന്റെ സവിശേഷതകളാണ്. തൃശൂർ ആകാശവാണിയിൽ 1975ൽ സ്റ്റാഫ് ആർട്ടിസ്റ്റായി. 1991 വരെ നിലയവിദ്വാനായിരുന്നു. ആകാശവാണിയുടെ ടോപ് ഗ്രേഡ് കലാകാരനാണ്.
തൃശൂർ ആകാശവാണിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കർണാടക സംഗീതപാഠം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സംഗീതജ്ഞരും സംഗീതപ്രേമികളും സ്ഥിരമായി പഠിച്ചിരുന്നു. ആകാശവാണിയിലും ദൂരദർശനിലും ദേശീയതലത്തിലുള്ള പരിപാടികളും കച്ചേരികളും അവതരിപ്പിച്ചു. മഹാകവി ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ, സുബ്രഹ്മണ്യ ഭാരതി എന്നിവരുടെ കവിതകൾ ആകാശവാണിയുടെ കാവ്യാഞ്ജലിയിൽ സംഗീതാത്മകമായി അവതരിപ്പിച്ചു.
വലിയ ശിഷ്യ സമ്പത്തിന് ഉടമ
ആകാശവാണിയുടെ ടോപ് എ, ബി ഹൈ, ബി ഗ്രേഡ് കലാകാരന്മാർ മുതൽ വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകർ, സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയവർ, പിന്നണി ഗായകർ, കംപോസർമാർ തുടങ്ങി എല്ലാ മേഖലയിലെയും സംഗീതപ്രേമികളെ വാർത്തെടുക്കാൻ ശ്രമിച്ചു. ശിഷ്യന്മാർക്ക് മൂല്യബോധവും സമ്പ്രദായശുദ്ധിയുമുള്ള സംഗീതം പകർന്നുകൊടുക്കാൻ ശ്രദ്ധിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ ജി. വേണുഗോപാൽ, എൻ. ലതിക, ഗായത്രി അശോക്, ജ്യോത്സന, ആശ ജി. മേനോൻ, സംഗീത സംവിധായകൻ അൽഫോൺസ്, അഭിറാം ഉണ്ണി, അരൂർ പി. മനോഹരൻ, ലോലാ കേശവൻ തുടങ്ങിയവർ ശിഷ്യരാണ്. ശിഷ്യസമ്പത്തിനെയാണ് ഏറ്റവും വലിയ പുരസ്‌കാരമായി അദ്ദേഹം കണ്ടിരുന്നത്.