പാഞ്ഞാൾ: പാഞ്ഞാൾ തോട്ടത്തിൽ മന ശ്രീകിരാരുദ്ര ശ്രീവിദ്യാപീഠത്തിൽ 12 ദിവസങ്ങളിലായി നടക്കുന്ന മഹാ കിരാതരുദ്രയജ്ഞത്തിന് 7 ന് തുടക്കമാകും. രാവിലെ 9.45 ന് അഴകത്ത് നിധിൻ നമ്പൂതിരിപ്പാട് ധ്വജാരോഹണം നടത്തും. തോട്ടത്തിൽ മന ലീല അന്തർജ്ജനം ദീപ പ്രൊജ്വലനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, ശ്രീരുദ്രം ചമകം അഭിഷേകം, മഹാകിരാതരുദ്ര ഹോമം, ഗജവിരന്റെയും മേളത്തിന്റെയും അകമ്പടിയോടെ വേട്ടേക്കരന്റെ എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകീട്ട് 4 ന് സന്ധ്യാവേല, കേളി, കൊമ്പ്പ്പറ്റ് കുഴൽപ്പറ്റ്, സഹസ്ര ദീപകാഴ്ച, ദീപാരാധന, കിരാതപാർവ്വതിയുടെ മുല്ലയ്ക്കൽ പാട്ട്, എഴുന്നള്ളിപ്പ്, കളം പൂജ, കളം പാട്ട് എന്നിവ നടക്കും. സമാപന ദിവസമായ 18 ന് രാവിലെ 8.30 ന് ഏഴ് ആനകളുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടക്കുന്ന വേട്ടേക്കരന്റെ എഴുന്നള്ളിപ്പിന് പരക്കാട് തങ്കപ്പമാരാർ പ്രമാണം വഹിക്കും. 11.30 ന് കാവടിയാട്ടം, ഉച്ചതിരിഞ്ഞ് 2 ന് മട്ടന്നൂർ ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പകയും, രാത്രി 7 ന് ഏഴ് ആനകളുടെ അകമ്പടിയോടെ പെരുവനം കുട്ടൻ മാരാരും സംഘവും നയിക്കുന്ന മേളത്തോട് കൂടിയ വേട്ടേക്കരൻ എഴുന്നള്ളിപ്പും തുടർന്ന് പന്തീരായിരം നാളികേരമേറും നടക്കും. 19 ന് പുലർച്ചെ 4 ന് നടക്കുന്ന കുറവലിക്കൽ ചടങ്ങോടെയാണ് മഹാകിരാതരുദ്ര യജ്ഞത്തിന് സമാപനമാകുന്നതെന്ന് ഭാരവാഹികളായ തോട്ടത്തിൽ കുട്ടൻ നമ്പൂതിരി, പി. കൃഷ്ണൻകുട്ടി, എൻ. എ. ശ്രീവത്സൻ, എം.എസ്. പ്രതിഷ്, അപ്പുകുട്ടൻ ഊരമ്പത്ത്, അമ്മിണി രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.