vanchikkadavu
വഞ്ചിക്കടവ് കുടിവെള്ള പദ്ധതി

അന്തിക്കാട്: കോടികൾ മുടക്കി പദ്ധതികൾ നടപ്പാക്കിയിട്ടും മണലൂർ പാലാഴി നിവാസികൾക്ക് കുടിക്കാൻ വെള്ളമില്ല. വർഷങ്ങളായി ഇവിടെയുള്ള ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മുൻ പഞ്ചായത്ത് ഭരണ സമിതി, പാലാഴി വാട്ടർടാങ്ക് കുടിവെള്ള പദ്ധതിയുടെയും മണലൂർ വഞ്ചികടവ് കുടിവെള്ള പദ്ധതിയുടെയും പേരിൽ കോടികളാണ് ചെലവഴിച്ചത്. എന്നിട്ടിപ്പോഴും പാലാഴി നിവാസികൾ കുടിവെള്ളത്തിനായി അധികാരികളുടെ മുന്നിൽ കേഴുകയാണ്. മൂന്നുമാസമായി പാലാഴി നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട്. തീരദേശ മേഖലയായതിനാൽ പീച്ചിയിൽ നിന്നും വരുന്ന വെള്ളത്തെയാണ് ഇവർ ആശ്രയിക്കുന്നത്. പമ്പിംഗ് മോട്ടോറുകൾക്കും പൈപ്പുകൾക്കും കേടുപാടുകൾ സംഭവിക്കുമ്പോൾ പീച്ചി വെള്ളവും കിട്ടാതെ വരുന്നത് പതിവായതോടെ എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ച് പാലാഴി വാട്ടർടാങ്ക് കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും ആ പദ്ധതിയും വെറുതെയായി. പാലാഴി നിവാസികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി വീണ്ടും കോടികൾ ജല അതോറിറ്റിക്ക് നൽകി വഞ്ചിക്കടവ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു. വർഷങ്ങൾ പിന്നിട്ടിട്ടും ആ പദ്ധതിയും എങ്ങുമെത്താതെ പാതിവഴിയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ പ്രശ്‌ന പരിഹാരത്തിനായി കാര്യക്ഷമമായ പ്രവർത്തനം നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ജല അതോറിറ്റിക്ക് നൽകിയ ഒരു കോടി രൂപയിൽ 65 ലക്ഷത്തിന്റെ നിർമ്മാണ പ്രവൃത്തികളാണ് നടന്നത്. നിലവിലുള്ള ടാങ്കിന്റെ അറ്റകുറ്റപ്പണികൾക്ക് ശേഷം ആ ടാങ്ക് ഉപയോഗിക്കാമെങ്കിലും കൂടുതൽ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. ജൂൺ അഞ്ചിനുള്ളിൽ പുതിയ ടാങ്കിന്റെ നിർമ്മാണം ആരംഭിക്കും. 50, 000 ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിച്ച് ഒന്ന്, മൂന്ന്, 18, 19 വാർഡുകളിലെ 2000 ത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനാകും.
- സൈമൺ തെക്കത്ത്.
(മണലൂർ പഞ്ചായത്ത് പ്രസിഡന്റ്)