ചേർപ്പ്: ഭിന്നശേഷി കുട്ടികൾക്കായി അഡാപ്റ്റ് സൊസൈറ്റി വെങ്ങിണിശ്ശേരിയിൽ സംഘടിപ്പിച്ച ചങ്ങാത്തക്കളരി ക്യാമ്പ് സമാപിച്ചു. കഥ, കവിത, നാടകം, സിനിമ, സംഗീതം, സാഹിത്യം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രശസ്തർ കുട്ടികളുമായി സംവദിച്ചു. അമേരിക്കയിലെ സ്റ്റോണി ബ്രൂക്ക് സർവകലാശാല മുൻ ശാസ്ത്രജ്ഞൻ ഡോ. സി.വി. കൃഷ്ണൻ സമാപന ദിനം ക്യാമ്പ് നയിച്ചു. ഓക്‌സിജൻ അന്തരീക്ഷത്തിൽ പ്രകടമാക്കുന്ന മാറ്റങ്ങളും അതിന്റെ ഗുണ ദോഷങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു. പ്രത്യക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തിയ ക്യാമ്പിൽ 80ൽപരം പ്രവർത്തന കളികളിലൂടെ പെരുമാറ്റം, സ്വഭാവം, ആസ്വാദനം, ഇടപെടൽ ശേഷി, ക്രിയാത്മകത, സർഗാത്മകത, ഇന്ദ്രീയ സംബന്ധിയായവ (സെൻസറി) എന്നിവയിൽ ക്യാമ്പിന്റെ പ്രവർത്തനം കൊണ്ട് മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞതായി ക്യാമ്പ് ഡയറക്ടർ പന്തളം സജിത് കുമാർ പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു.