പാവറട്ടി : റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിന്റെ പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് പുതിയ ഷട്ടറുകൾ നിർമിക്കുന്നത്. റബ്ബർ ബുഷുകൾ സ്ഥാപിച്ച് ലീക്ക് പ്രൂഫാക്കും. .പൂർണമായും മോട്ടോ റൈസിഡ് മെക്കാനിസമാക്കി മാറ്റിയായിരിക്കും ഷട്ടർ നവീകരിക്കുന്നത്. ജനറേറ്റർ ഉപയോഗിച്ചായിരിക്കും പ്രവർത്തനം. പാലക്കാട് മൈനാ എൻജിനിയറിങാണ് ഷട്ടർ നവീകരണ പ്രവർത്തി ഏറ്റെടുത്തിട്ടുള്ളത്. 2.67 കോടിയുടെ പദ്ധതിയാണിത്. 18 മാസമാണ് കാലവധി. ഇതിനോടൊപ്പം സിവിൽ വർക്കുകൾ കൂടി ചെയ്യുന്നതോടെയാണ് ഷട്ടർ നവീകരണ പ്രവർത്തി പൂർത്തിയാകൂ. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിന് 2019ലെ ബജറ്റിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ തടസങ്ങൾ മൂലം നാലു വർഷത്തിന് ശേഷം ഇപ്പോഴാണ് പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൈ കൊണ്ട് തിരിക്കുന്ന പഴയ രീതിയിലാണ് ഇടിയഞ്ചിറയിൽ ഷട്ടറുകൾ പ്രവർത്തിപ്പിച്ചിരുന്നത്.