പാവറട്ടി : എളവള്ളി പഞ്ചായത്തിലെ വാക കോരാത തോടിന്റെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാകുന്നു. മൂന്നു മീറ്റർ ഉയരത്തിൽ കരിങ്കല്ല് കെട്ടി ഇടയിൽ രണ്ട് കോൺക്രീറ്റ് ബെൽട്ട് സ്ഥാപിച്ചാണ് നിർമ്മാണം. 6 മീറ്റർ വീതിയുള്ള തോടിന്റെ പാർശ്വഭിത്തി സംരക്ഷണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാകപുഴയിൽ നിന്നും മണച്ചാലിലേക്ക് വെള്ളം ഒഴുകി വരുന്ന പ്രധാന കൈവഴിയാണ് കോരാത്തോട്. ജില്ലാ ആസൂത്രണ സമിതിയുടെ നിർദ്ദേശപ്രകാരം നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആറു മീറ്റർ വീതിയുറപ്പുവരുത്തി ആദ്യഘട്ടത്തിൽ 200 മീറ്റർ ദൂരമാണ് തോട് സംരക്ഷിക്കുന്നത്. മുല്ലശ്ശേരി ബ്ലോക്ക് എൽ.ഐ.ഡി. ആൻഡ് ഇ.ഡബ്ല്യുയു. അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ധന്യ രവി, എളവള്ളി അസി. എൻജിനീയർ കെ.വി. വിജിത എന്നിവർക്കാണ് മേൽനോട്ട ചുമതല. എളവള്ളി പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള സമഗ്ര ജല സംരക്ഷണ പദ്ധതി പ്രകാരമാണ് കോരാത തോട് സംരക്ഷിക്കുന്നതെന്ന് പദ്ധതി ആസൂത്രണം ചെയ്ത എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.