കുന്നംകുളം: കൂമ്പുഴ പാലത്തിനോട് ചേർന്ന് വഴിയോരവിശ്രമകേന്ദ്രവും മിനി പാർക്കും ഒരുങ്ങുന്നു. ജിയോ ടെക്‌സ്റ്റൈൽ ജിയോ സെൽ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമ്മിക്കുന്ന കേച്ചേരി-അക്കിക്കാവ് റോഡ് നിർമ്മാണം കിഫ ്ബി ഉന്നത തല സംഘം സന്ദർശിച്ചതിനെ തുടർന്ന് എം.എൽ.എയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.
വഴിയോര വിശ്രമകേന്ദ്രം, മനോഹരമായ വഴിവിളക്കുകൾ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസൽ കിഫ്ബിക്ക് തയ്യാറാക്കി നൽകാൻ കെ.ആർ.എഫ്.ബി. അധികൃതരോട് കിഫ്ബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കൂമ്പുഴ പാലത്തിന് സമീപം ചെമ്മന്തിട്ട പാടശേഖരത്തോട് ചേർന്നും അക്കിക്കാവ് പ്രദേശത്തുമാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്.
കിഫ്ബി പദ്ധതിയായ കേച്ചേരി- അക്കികാവ് ബെപാസ് റോഡ് നവീകരണത്തിലാണ് പൊതുമരാമത്ത് വിഭാഗം
ആധുനിക രീതിയായ ജിയോ ടെക്‌സ്റ്റൈൽ ജിയോ സെൽ അവലംബിച്ചിരുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ ബാബ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. കുന്നംകുളം, മണലൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് റോഡിന് 9.88 കിലോമീറ്റർ നീളമാണുള്ളത്. നവീകരണം പൂർത്തീകരിക്കുന്നതോടെ തൃശൂരിൽ നിന്നും കേരളത്തിന്റെ ഉത്തര മേഖലകളിലേക്ക് പോകുന്നവർക്ക് കുന്നംകുളം നഗര പ്രദേശങ്ങളെ ഒഴിവാക്കിയും നാല് കിലോമീറ്ററോളം ദൂരം ലാഭിക്കാനും. കുറാഞ്ചേരി വേലൂർ റോഡിൽ കേച്ചേരിയിൽ നിന്നാരംഭിച്ച് തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ അക്കിക്കാവിൽ അവസാനിക്കുന്ന റോഡ് കിഫ്ബി മാനദണ്ഡപ്രകാരം 12 മീറ്റർ വീതിയിൽ നവീകരിക്കാനാണുദ്ദേശിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ ജനുവരി 16 മുതൽ പ്രവൃത്തി ആരംഭിച്ചിരുന്നു. ഐ.ആർ.സി മാനദണ്ഡങ്ങളനുസരിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കി കലുങ്കുകളുടെയും കാനകളുടെയും റോഡിന്റെയും പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ 2.5 കി മീ ദൂരം ടാറിങ്ങും, 13 കലുങ്കുകളും, 2 കിലോമീറ്ററോളം കാനകളും ചെയ്യാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എ.സി. മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി എക്‌സി. ഡയറക്ടർ കെ.പി. പുരുഷോത്തമൻ, സീനിയർ കൺസൾട്ടന്റ് രാജീവൻ, കൺസൾട്ടന്റ് വി.ടി. രാഹുൽ തുടങ്ങിയവർ നിർമ്മാണം വിലയിരുത്തി. കെ.ആർ.എഫ്.ബി എക്‌സി. എൻജിനീയർ ഇ.ഐ. സജിത്, ബാബ് കൺസ്ട്രക്ഷൻസ് എം.ഡി. ബഷീർ തുടങ്ങിയവരും സംബന്ധിച്ചു.
മാതൃകയായി ആധുനിക നിർമ്മാണ രീതി
കേച്ചേരി-അക്കിക്കാവ് റോഡിന്റെ 1.2 കിലോമീറ്റർ നീളത്തിൽ വീതിയായ 9 മീറ്ററോളം ആവശ്യമായ രീതിയിൽ മണ്ണ് ബലപ്പെടുത്തുകയും ആവശ്യമായ ലാബ് പരീക്ഷണങ്ങൾ നടത്തി ഉറപ്പുവരുത്തിയതിന് ശേഷമാണ് ജിയോ ടെക്‌സ്റ്റൈൽ വിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതുമൂലം ഈ പ്രവൃത്തി പരിസ്ഥിതി സൗഹാർദ പ്രവൃത്തി കൂടിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ആധുനിക നിർമ്മാണ രീതികൾക്ക് മാതൃക കൂടിയാണ് ഈ പ്രവൃത്തി.
ജിയോ ടെക്‌സ്റ്റൈൽ ജിയോ സെൽ ഉപയോഗിച്ചുള്ള റോഡിന്റെ പ്രവൃത്തികൾ പട്ടിക്കര മുതൽ ചിറനെല്ലൂർ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഏപ്രിൽ മുതൽ ആരംഭിച്ചു. 2018-2019 ലെ വെള്ളപ്പൊക്കം ഉയർന്ന തോതിൽ ബാധിച്ച ഈ റോഡിലെ ചിറനെല്ലൂർ, കുമ്പുഴ ഭാഗങ്ങളിലെ റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച ജിയോ ടെക്‌സ്റ്റൈൽ ജിയോ സെൽ രീതിയുപയോഗിച്ച് നിർമ്മാണം നടത്തുന്നത്. കേരളത്തിലെ പൊതുമരാമത്ത് റോഡുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന പ്രധാന പദ്ധതികളിലൊന്നാണിത്.