പെരിങ്ങോട്ടുകര: ദേവസ്ഥാനം ശ്രീവിഷ്ണുമായ സ്വാമി സന്നിധിയിൽ നടന്നു വരുന്ന ശതദിന ഭാരത നൃത്തോത്സവത്തിന്റെ 56-ാം നാൾ 'കാളിയമർദ്ദനം'നങ്ങ്യാരമ്മക്കൂത്തിൽ കൽപലതികയായി മാർഗി അശ്വതി ശ്രദ്ധേയമായി. കുലശേഖര വർമ്മ മഹാരാജാവ് നങ്ങ്യാർമാർക്കായി നിർവഹണ രൂപത്തിൽ കൊണ്ടുവന്നത്, അമ്മന്നൂർ മാധവ ചാക്യാർ പ്രചരിപ്പിച്ച ശ്രീകൃഷ്ണചരിതത്തിൽ സുഭദ്രാ അപഹരണം വരെ 217 ശ്ലോകങ്ങളിൽ 105-ാം ശ്ലോകത്തെ വിശദീകരിച്ച്, സുഭദ്രാ ധനഞ്ജയത്തിലെ രണ്ടാമങ്കമായി വരുന്ന കാളിയമർദ്ദന കഥയെ അധികരിച്ച് നങ്ങ്യാരമ്മക്കൂത്തിൽ കൽപ ലതികയായി നിർവഹണം ചെയ്തു വച്ചതാണ് മാർഗി അശ്വതി അവതരിപ്പിച്ചത്. കാളിയന്റെ കൊടിയ വിഷം നദിയിൽ ലയിക്കുന്ന സമയത്തും വിഷം ചീറ്റുന്ന കാളിയനെ മർദ്ദിക്കുന്ന അവസരത്തിലുമെല്ലാം ശുദ്ധമായ ആംഗികാഭിനയവും വ്യക്തമായ മുഖാഭിനയവും കൊണ്ട് സദസ്യരെ വശീകരിച്ച നർത്തകിക്ക് കൂട്ടായി ദ്വയദ്വയമിഴാവിൽ ഒച്ചപ്പെടുത്തിയത് കലാമണ്ഡലം രാഹുലും കലാമണ്ഡലം സനവ് കൃഷ്ണയും കുഴിത്താളത്തിൽ സീതാലക്ഷ്മിയും അകമ്പടിയേകി. നിമിഷ മേനോന്റെ മോഹിനിയാട്ടത്തിൽ നമശിവായ മഹാത്മ്യവും സ്വാതി തിരുനാൾ കൃതിയായ സുമസായകയും അതിലെ ചുഴിപ്പുകളും മുദ്രാഖ്യങ്ങളുമെല്ലാം പഴമയെ വിളിച്ചോതുന്ന യശ:ശരീരയായ കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ രംഗാവിഷ്‌കാരവും അവതരിപ്പിച്ചു. ചെന്നൈ ശ്രീ ഗുരു പദ്മാലയ കാമാക്ഷി ശ്രീനിവാസിന്റെ ശിഷ്യഗണങ്ങളുടെ നാട്യാർപ്പണവും പെരിഞ്ചേരി ശിവ തീർത്ഥം സംഘത്തിന്റെ തിരുവാതിരക്കളിയും നടന്നു. കലാകാരികൾക്ക് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പ്രസാദവും നൽകി ആദരിച്ചു.