തൃശൂർ: ശ്രീനാരായണഗുരുദേവനുമായി കേരളകൗമുദി സ്ഥാപകൻ സി.വി.കുഞ്ഞുരാമൻ നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം പുസ്തകമാക്കി. കേരളകൗമുദി ഒരു നൂറ്റാണ്ട് മുൻപ് പ്രസിദ്ധീകരിച്ച ഈ ദീർഘ സംഭാഷണം ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മയാണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.
മതത്തെയും മതജാതി വൈരങ്ങളെയും കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാടും ഗുരുദർശനത്തിന്റെ സത്തയെ കുറിച്ചുള്ള സൂക്ഷ്മവും കൃത്യവുമായ വിവരവുമാണ് ഉള്ളടക്കം. ഗുരുദേവനും സി.വിയും ഒരു സംവാദം എന്ന തലക്കെട്ടോടെ 1925 ഒക്ടോബർ 8നാണ് കേരളകൗമുദി ഇത് പ്രസിദ്ധീകരിച്ചത്. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ആദ്യത്തെ അഭിമുഖം എന്ന വിശേഷണം കൂടിയുള്ള ഇത് പ്രസിദ്ധീകരിച്ചതിലൂടെ സി.വി ലോകത്തിന് നൽകിയത് അമൂല്യ സംഭാവനയായിരുന്നു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയുടെ ആശംസാക്കുറിപ്പും ഭരണഘടനാ വിദഗ്ദ്ധനും ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ പ്രൊഫ. ജി. മോഹൻ ഗോപാലിന്റെ അവതാരികയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത, ദൈവ സങ്കൽപം : ശ്രീനാരായണഗുരുവിന്റെ വ്യത്യസ്ത സമീപനം, മതം, ദൈവം: ബ്രാഹ്മണിക സങ്കൽപങ്ങൾ, സമകാലിക ഇന്ത്യയിലെ ദൈവവും മതവും, ഗുരുവിനും മാനവധർമ്മ സങ്കൽപ്പത്തിനും ഭരണഘടനാ സംരക്ഷണത്തിലുള്ള പങ്ക് എന്നീ വിഷയങ്ങളെ അധികരിച്ച് ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മ എഴുത്തച്ഛൻ സമാജം ഹാളിൽ നടത്തിയ സെമിനാറിലായിരുന്നു പുസ്തക പ്രകാശനം. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സി.വി. മിത്രൻ കൈമാറിയ പുസ്തകം പ്രൊഫ. (ഡോ.) ജി.മോഹൻഗോപാൽ പ്രകാശനം ചെയ്തു. പ്രൊഫ.ടി.ബി.വിജയകുമാർ ഏറ്റുവാങ്ങി.
പിന്നാക്ക സമുദായ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, ഡോ.ജി.മോഹൻ ഗോപാൽ, ഡോ.ടി.എസ്.ശ്യാംകുമാർ, ഡോ.അമൽ സി.രാജൻ, ഡോ.എ.കെ.ആദർശ്, ഡോ.വർഷ ബഷിർ, സിന്ധു നെപ്പോളിയൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.പി.ആർ.സുരേഷ്, പി.എൻ.പ്രേംകുമാർ, റിഷി പൽപ്പു, പി.കെ.സുധീഷ് ബാബു, സുദേഷ് എം.രഘു, പി.വി.നന്ദകുമാർ, അഡ്വ.ഷോണിത്, പി.പി.അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.