തൃശൂർ: തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അനുമതി.

5 ന് രാത്രി 7.30 മുതൽ 9.30 വരെയുള്ള സമയത്ത് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിനാണ് എ.ഡി.എം ടി. മുരളി അനുമതി നൽകിയത്. ലൈസൻസി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിച്ചാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരം പോർട്ടബിൾ മാഗസിൻ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റർ അകലത്തിൽ ബാരിക്കേഡ് കെട്ടി ലൈസൻസി സുരക്ഷിതമാക്കണം. സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദർശന പ്രവർത്തികൾക്ക് നിയോഗിക്കണം, ഇവർക്ക് യൂണിഫോം നിർബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് / റവന്യൂ അധികാരികൾക്കു നൽകണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവയും വെടിക്കെട്ട് സാമഗ്രികളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കരുത്.
സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അധികൃതർ നൽകുന്ന നിർദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. നഷ്ടങ്ങൾക്ക് അപേക്ഷകൻ, വെടിക്കെട്ട് ലൈസൻസി എന്നിവർ പൂർണ ഉത്തരവാദികളാകും. 100 മീറ്റർ അകലത്തിൽ ബാരിക്കേഡ് നിർമ്മിച്ച് കാണികളെ മാറ്റി നിറുത്തണം. കൂടാതെ പൊതുജനങ്ങൾക്കു മുന്നറിയിപ്പ് നൽകുന്നതിന് ഉച്ചഭാഷിണി സൗകര്യവും പൊലീസ് ഉറപ്പാക്കണം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ആവശ്യപ്പെടുന്ന രീതിയിൽ വാഹനങ്ങൾ ഏർപ്പെടുത്തണം. ആംബുലൻസ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വൈദ്യസഹായം നൽകണം. വെടിക്കെട്ട് പ്രദർശനം പൂർണമായും ലൈസൻസി വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.