തൃശൂർ: മതാധികാരികൾ ആത്മീയവാണിജ്യത്തിലൂടെ ജനതയെ ചൂഷണം ചെയ്യുന്ന കാലത്ത് സ്വതന്ത്രമനുഷ്യനായി ജീവിക്കണമെന്നും അതിന് ഗുരുവചനം മാർഗമാകുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. സാഹിത്യ അക്കാഡമി ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിന്റെയും പലമതസാരവുമേകം എന്ന പുസ്തക പ്രകാശനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


സമൂഹത്തിൽ മതം വളരുകയും വിശ്വാസികൾ പെരുകുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യർ അധഃപതിക്കുകയാണ്. നന്നാവാനും ഒന്നാവാനുമാണ് സമ്മേളനം നൽകിയ സന്ദേശം. ആ സന്ദേശം എത്രമാത്രം പ്രായോഗികമാക്കാനായി എന്ന് ആത്മപരിശോധന നടത്തണമെന്നും സ്വാമി ചൂണ്ടിക്കാട്ടി.

സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. സാറാ ജോസഫ് വിശിഷ്ടാതിഥിയായി. ഷൗക്കത്ത്, സി.പി.അബൂബക്കർ, വി.കെ.കെ.രമേഷ് എന്നിവർ പ്രസംഗിച്ചു. 'സർവ്വമതസമ്മേളനവും ഗുരുവിന്റെ മതദർശനവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.ഖദീജാ മുംതാസ്, കെ.പി.രാമനുണ്ണി, ഡോ.എം.എ.സിദ്ദീഖ് എന്നിവർ പ്രബന്ധാവതരണം നടത്തി.

അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. വിജയരാജമല്ലിക സ്വാഗതം പറഞ്ഞു. ആലുവ സർവമത സമ്മേളനത്തെക്കുറിച്ച് ഡോ.സുനിൽ പി.ഇളയിടം എഡിറ്റുചെയ്ത് സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 'പലമതസാരവുമേകം' എന്ന പുസ്തകം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഡോ.ഖദീജാ മുംതാസിന് നൽകി പ്രകാശനം ചെയ്തു. ഡോ.സുനിൽ പി.ഇളയിടം പുസ്തകം പരിചയപ്പെടുത്തി. എൻ.ജി.നയനതാര, കെ.എസ്.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.