അരിമ്പൂർ: വെളുത്തൂരിൽ നാടക മോഹികളായ ഒരു കൂട്ടം കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന നാടകം അരങ്ങിലേക്കെത്തുന്നു. സ്ത്രീകളും കുട്ടികളും അടക്കം 21 പേർ വേഷമിടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള 'മനയ്ക്കലെ മീനൂട്ടി' എന്ന നാടകമാണ് ആസ്വാദകർക്ക് മുന്നിലേക്ക് എത്തുന്നത്. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിൽ മേട ഭരണി ഉത്സവത്തിന്റെ ഭാഗമായി നാളെ വൈകീട്ട് 6.45 നാണ് നാടകം അരങ്ങേറുന്നത്. നാട്ടിൻപുറങ്ങളിലെ ആദ്യകാല നാടകാസ്വാദനം കാലം മാറിയിട്ടും ഒട്ടും ചോർന്നു പോയിട്ടില്ല. കലയോടുള്ള അഭിനിവേശമാണ് വെളുത്തൂരിലെ ഒരുകൂട്ടം കലാകാരന്മാരെ അരങ്ങിലെത്തിക്കുന്നത്. ഷോഗൺ ക്ലബ്ബിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് നാടകത്തിൽ സജീവമാകുന്നത്. ഇവരുടെ ആദ്യ നാടകമാണ് 'മനയ്ക്കലെ മീനൂട്ടി'. ക്ലബ്ബിന്റെ വാർഷികത്തിനായി ആറു മാസം മുൻപ് ഒരു നാടകം അവതരിപ്പിച്ചതാണ് തുടർന്നും നാടക വേദികളിൽ സജീവമാകാൻ ഇവരെ പ്രേരിപ്പിച്ചത്. ഇവർക്ക് പ്രോത്സാഹനവുമായി നമ്പോർക്കാവ് ക്ഷേത്രത്തിൽ മേടഭരണി ഉത്സവത്തിന്റെ ഭാഗമായി നാടകം അവതരിപ്പിക്കാൻ ഭാരവാഹികൾ വേദിയും നൽകി. രണ്ടു മാസമായി നാടകത്തിന്റെ റിഹേഴ്‌സൽ നടന്നു വരികയാണ്. ബ്രഹ്മദത്തന്റെയും ഇന്ദിരാദേവിയുടെയും കഥ പറയുന്നതാണ് 'മനയ്ക്കലെ മീനൂട്ടി' എന്ന നാടകം. രാത്രി 8 മുതൽ പത്തര വരെയാണ് റിഹേഴ്‌സൽ. തമ്പുരാട്ടിക്കുട്ടിയുടെ വേഷമണിയുന്ന ബി.ടെക് വിദ്യാർത്ഥിനി ആതിരയും അമ്മയായി വേഷമിടുന്ന വീട്ടമ്മയായ രതി സുരേഷും അഭിനയക്കളരിയിൽ ആവേശത്തിമിർപ്പിലാണ്. 6 സ്ത്രീകളും, 3 കുട്ടികളും , 3 കൗമാരക്കാരും അടക്കം 21 പേർ വേദിയിൽ എത്തും. അഭിനയിക്കുന്ന വനിതകൾക്ക് പ്രചോദനം നൽകാനായി മറ്റു വനിതകളും ക്യാമ്പിലുണ്ടാകും. കൂട്ടത്തിൽ അംഗബലം പുരുഷന്മാർക്കാണെങ്കിലും അഭിനയത്തിൽ ഒരിഞ്ചു വിട്ടു കൊടുക്കാൻ സ്ത്രീകളും ഒരുക്കമല്ല. ഈ മാസം ആറിന് വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിലാണ് നാടകം അരങ്ങേറുന്നത്. വർഷം തോറും പുതിയ നാടകങ്ങൾ അവതരിപ്പിക്കാനും ക്ലബ്ബ് അംഗങ്ങൾക്ക് പദ്ധതിയുണ്ട്. ക്ലബ്ബ് അംഗവും തിരക്കഥാ കൃത്തുമായ വിനോദ് പാലിശ്ശേരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും. സംഗീതവും ഡിജിറ്റൽ രംഗപടവും ഒരുക്കുന്നത് റിജോ പോളാണ്.

'മനയ്ക്കലെ മീനൂട്ടി'

രചനയും സംവിധാനവും വിനോദ് പാലിശ്ശേരി
സംഗീതവും ഡിജിറ്റൽ രംഗപടവും റിജോ പോൾ
21 പേർ വേഷമിടും
നാടകം അരങ്ങിലെത്തുന്നത് ഷോഗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ