nirmanam
കൊടുങ്ങല്ലൂർ ബൈപാസിൽ കനത്ത വെയിലിൽ ഉച്ചയ്ക്ക് 2.15ന് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ.

കൊടുങ്ങല്ലൂർ : പൊള്ളുന്ന ചൂടിനെ അവഗണിച്ച് നിർമ്മാണ പ്രവർത്തന ജോലികളിൽ മുഴുകുകയാണ് അന്യ സംസ്ഥാന തൊഴിലാളികൾ. സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് ദേശീയപാതയിലെ നവീകരണം നടക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിൽ കത്തുന്ന വെയിലത്തും അന്യസംസ്ഥാന തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ചന്തപ്പുര മുതൽ കോട്ടപ്പുറം പാലം വരെയുള്ള കാനയുടെ നിർമ്മാണ ജോലികളാണ് പ്രധാനമായും ഇവിടെ നടന്നുവരുന്നത്. മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളാണ് ബൈപാസിലെ വിവിധ സ്ഥലങ്ങളിൽ പൊരി വെയിലത്തും ജോലി ചെയ്യുന്നത്.
കനത്ത ചൂട് മൂലം സംസ്ഥാനത്ത് തൊഴിലാളികൾക്ക് ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ഈ മാസം ഒന്നു മുതൽ 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി മുന്നറിയിപ്പും നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തൊഴിലിടങ്ങളിലും ഇതു സംബന്ധിച്ചുള്ള പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ദേശീയപാത കരാറുകാരൻ തൊഴിലെടുപ്പിക്കുന്നത്. തളിക്കുളം മുതൽ കോട്ടപ്പുറം പാലം വരെ ആറുവരിപ്പാതയുടെ നവീകരണം നടത്തുന്ന റീഞ്ച് കരാറ് ഏറ്റെടുത്തിട്ടുള്ള ശിവലായ കൺസ്ട്രക്ഷൻസിന് ഇതൊന്നും ബാധകമല്ല എന്ന മട്ടാണ്. വെയിൽ കത്തിയാളുന്ന സമയത്തും കൊടുങ്ങല്ലൂർ ബൈപാസിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടാൽ മന്ത്രിയുടെ അറിയിപ്പ് പ്രഖ്യാപനത്തിലൊതുങ്ങിയതായാണ് വ്യക്തമാകുക. സംസ്ഥാനത്തെ തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പൊരിവെയിലത്തും ജോലി ചെയ്യിക്കുന്ന നടപടി തിരുത്തണമെന്നും കരാറുകാരനെതിരെ നടപടിയെടുക്കണമെന്നുമാണ് ഉയരുന്ന ജനകീയ ആവശ്യം.