കയ്പമംഗലം : ദേവമംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹം സ്വാഗതസംഘം യോഗം നടത്തി. ദേവമംഗലം ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ആറാം വർഷമാണ് ഭാഗവത സപ്താഹം നടത്തുന്നത്. സപ്താഹം ആലോചനായോഗം ക്യാപ്ടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് ലത പ്രദീപ് അദ്ധ്യക്ഷയായി. ക്ഷേത്രം മേൽശാന്തി അഖിലേഷ് സപ്താഹത്തെക്കുറിച്ച് മുഖ പ്രസംഗം നടത്തി. ജൂൺ 4 മുതൽ 10 വരെ സപ്താഹം നടത്താൻ തീരുമാനിച്ചു. ഏഴുദിവസവും സായാഹ്നങ്ങളിൽ മഹത് വ്യക്തികളുടെ ഭാഗവത പ്രഭാഷണമുണ്ടാകും. കുട്ടികളുടെ ഭാഗവത പാരായണം, സമൂഹാർച്ചന, വിദ്യാഗോപാല മന്ത്രാർച്ചന, രുഗ്മിണി സ്വയംവര ഘോഷയാത്ര, സ്വയംവര സദ്യ എന്നിവ ഉണ്ടാകും. ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. ക്യാപ്ടൻ ചന്ദ്രന്റെ നേതൃത്വത്തിൽ മാതൃസമിതി അംഗങ്ങൾ ഭാഗവത പാരായണം നടത്തും. ക്ഷേത്രം പ്രസിഡന്റ് വി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി സി.കെ. രാമു, ട്രഷറർ ടി.എസ്. പ്രേംകുമാർ, പി.ആർ.ഒ: സത്യൻ എന്നിവർ സംസാരിച്ചു. ടി.എം. രാധാകൃഷ്ണൻ, ടി.വി. മുരളി, നൈന കൊച്ചുതാമി, സജ്‌നി ആനന്ദൻ, ഷെർലി പ്രകാശൻ, ഭവാനി ചന്ദ്രൻ, ദുവനേശ്വരി രാജൻ, സജ്‌നി ഗോകുൽ എന്നിവർ നേതൃത്വം നൽകി. മാതൃസമിതി സെക്രട്ടറി ഷീജ ശിവപ്രസാദ് സ്വാഗതവും ട്രഷറർ രാജി ശ്രീധരൻ നന്ദിയും പറഞ്ഞു.