കൊടുങ്ങല്ലൂർ : ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി.ടൈസൺ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഗൾഫ് നാട്ടിലും കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അസഹനീയമാകുമ്പോൾ മേഘങ്ങളിൽ രാസവസ്തു വിതറി മഴ പെയ്യിക്കാറുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചെലവ് ചുരുക്കാനായി ഈ രംഗത്ത് വിദഗ്ദ്ധരായ യു.എ.ഇയുടെ സഹായം തേടണം. ക്ലൗഡ് സീഡിംഗ് എന്ന ഈ സാങ്കേതിക വിദ്യ അനുസരിച്ച് മഴ പെയ്യാതെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന മേഘജാലങ്ങളിലേക്ക് ചെറുവിമാനങ്ങൾ വഴി രാസപദാർത്ഥം വിതറുകയാണ് ചെയ്യുക. കറിയുപ്പ്, പൊട്ടാസ്യം ക്ലോറൈഡ്, ഖര കാർബൺ ഡയോക്ലൈഡ് തുടങ്ങിയവയാണ് കടത്തിവിടുക. ഇതോടെ മേഘ കണങ്ങൾ മഴയാകും.