rain

കൊടുങ്ങല്ലൂർ : സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി.ടൈസൺ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഗൾഫ് നാട്ടിലും കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അസഹനീയമാകുമ്പോൾ മേഘങ്ങളിൽ രാസവസ്തു വിതറി മഴ പെയ്യിപ്പിക്കുന്ന പദ്ധതി വ്യാപകമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചെലവ് ചുരുക്കാനായി ഈ രംഗത്ത് വിദഗ്ദ്ധരായ യു.എ.ഇയുടെ സഹായം തേടിയാൽ മതിയെന്നും കത്തിൽ പറയുന്നു.

ക്ലൗഡ് സീഡിംഗ് എന്ന ഈ സാങ്കേതിക വിദ്യ അനുസരിച്ച് മഴ പെയ്യാതെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന മേഘപാളികളിലേക്ക് ചെറുവിമാനങ്ങൾ വഴി രാസപദാർത്ഥം വിതറുകയാണ് ചെയ്യുക. പൊട്ടാസ്യം/സിൽവർ അയഡൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ഖര കാർബൺ ഡയോക്സൈഡ് തുടങ്ങിയവയാണ് കടത്തിവിടുക. ഇതോടെ മേഘ കണങ്ങൾ മഴയാകും.

കൃത്രിമ മഴ വിജയിക്കണമെങ്കിൽ അന്തരീക്ഷത്തിൽ ചാരനിറത്തിലുള്ള മേഘങ്ങളുണ്ടാകണം. കേരളത്തിൽ സാധാരണഗതിയിലുള്ള നീലമേഘങ്ങൾക്ക് പകരം ഇത്തരം ചാരമേഘങ്ങളാണ് ഉഷ്ണതരംഗത്തിനിടെ ദൃശ്യമായതെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. 4000 മീറ്റർ ഉയരത്തിൽ ദൃശ്യമാകുന്ന ആൾട്ടോ ക്യൂമുലസ്, സിറോക്യൂമൂലസ്, സ്ട്രാറ്റസ് ഗണങ്ങളിലുള്ള മേഘങ്ങളാൽ ആവൃതമാണ് അന്തരീക്ഷം. കേരളത്തിൽ അങ്ങോളം ഇങ്ങോളവും അതിർത്തി സംസ്ഥാനങ്ങളിലും ക്ലൗഡ് സീഡിംഗ് നടത്താം.

ക്‌ളൗഡ് സീഡിംഗ് ഇങ്ങനെ

1. സിൽവർ അയഡൈഡോ മറ്റ് രാസവസ്തുക്കളോ ( പൊട്ടാസ്യം ക്ലോറൈഡ്, ഖര കാർബൺ ഡയോക്സൈഡ്) ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘപാളികളിൽ വിതറുന്നു

2. മേഘങ്ങളിൽ രാവസ്തുക്കൾ എത്തിച്ചേരുന്നു

3. മേഘപാളികളെ തണുപ്പിച്ച് ഐസ് ക്രിസ്റ്റലുകളോ മറ്റോ ആയി രൂപാന്തരം പ്രാപിക്കുന്നു

4. താഴേക്ക് വീഴുന്തോറും ഐസ് ക്രിസ്റ്റലുകൾ ദ്രവ രൂപത്തിലേക്ക് മാറി മഴയായി പെയ്യുന്നു

100 കോടി ചെലവായാലും ലാഭം !

മഴക്കുറവും വരൾച്ചയും മൂലം കൃഷി നാശം 45,399 ഹെക്ടറിൽ

നഷ്ടം തുകയിൽ 875 കോടി

വിദഗ്ദ്ധരിൽ നിന്ന് ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കൃത്രിമമഴയുടെ സാദ്ധ്യത പരിശോധിക്കാൻ ആവശ്യപ്പെടുന്നത്.

ഇ.ടി.ടൈസൺ

എം.എൽ.എ