തൃശൂർ: തിരഞ്ഞെടുപ്പിൽ ഇടതും വലതും ക്രോസ് വോട്ടിംഗ് ആരോപണം ഉന്നയിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ്കുമാർ. ഈ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർമാർ വികസനത്തിനാണ് വോട്ട് ചെയ്തത്. അവർ ബുദ്ധിപൂർവം സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നാണ് ബി.ജെ. പി വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന കഴിവുള്ള ജനപ്രതിനിധി തൃശൂരിൽ നിന്നുണ്ടാകണമെന്നും അതുവഴി വികസന മുരടിപ്പിന് പരിഹാരമുണ്ടാകണമെന്നും രാഷ്ട്രീയഭേദമന്യേ വലിയൊരു ജനവിഭാഗം ഇത്തവണ ചിന്തിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം വോട്ട് നിലയിലുണ്ടാകും. പരാജയം മുൻകൂട്ടിക്കണ്ട് സ്വയം ജാമ്യമെടുക്കലാണിതെന്ന് അദ്ദേഹം പറഞ്ഞു.