കൊടുങ്ങല്ലൂർ : വെന്തുരുകുന്ന ചൂടിൽ തീരദേശത്തെ കുടുംബങ്ങൾ പട്ടിണിയിൽ. നിരത്തുകളിൽ ശൂന്യത. ബസിൽ യാത്ര ചെയ്യാനാളില്ല. സ്‌കൂൾ തുറക്കാറായിട്ടും വിപണിയും നിർജീവം. വെയിൽ ആരംഭിച്ചാൽ ജനങ്ങളധികവും വീടിന് പുറത്തേക്ക് ഇറങ്ങുന്നില്ല. ചൂടിനെ തുടർന്ന് മത്സ്യക്കൂട്ടങ്ങൾ തീരക്കടൽ വിട്ടുപോയതോടെ മത്സ്യബന്ധന മേഖല വറുതിയിലാണ്. അഴീക്കോട് നിന്നു മാത്രം മുന്നൂറോളം വള്ളങ്ങൾ കടലിൽ പോകുന്നുണ്ട്. മുനമ്പം കേന്ദ്രീകരിച്ച് ആയിരത്തോളം യന്ത്രവത്കൃത ബോട്ടും മത്സ്യബന്ധനത്തിനായി പോകുന്നുണ്ട്. ഇവയിലെല്ലാം കൂടി പതിനായിരത്തോളം വരുന്ന തൊഴിലാളികളാണ് പണിയെടുക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി തീരത്ത് മത്സ്യക്ഷാമം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും വരുമാനം നിലച്ച മട്ടാണ്. ഓട്ടോ, ടാക്‌സി എന്നിവയുടെ ഓട്ടവും കുറഞ്ഞു. പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാനം കുറഞ്ഞതോടെ, തീരദേശത്തെ കച്ചവട സ്ഥാപനങ്ങളിലെ തിരക്കും ഇല്ലാതായി. ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്നവരും അതിൽ ജോലി ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടിലാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുള്ള അഴീക്കോട്, എറിയാട്, കാര, വെമ്പല്ലൂർ തുടങ്ങിയ തീരദേശത്ത് പണിയില്ലാതെയായിട്ട് മാസങ്ങളായി. ആവശ്യവസ്തുക്കൾ മാത്രമാണ് പലരും അത്യാവശ്യം വാങ്ങിവരുന്നത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി വെയ്ക്കാൻ ആരുടെയും കൈവശം പണമില്ല. ലേഡീസ് സെന്റർ, തുണിക്കടകൾ, സ്റ്റേഷനറി കടകൾ, ഹാർഡ് വെയർ സ്ഥാപനങ്ങൾ, ഹോം അപ്ലയൻസ്, ജ്വല്ലറി, ഇലക്ട്രിക്കൽ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ചൂട് കനത്തതോടെ ആളൊഴിഞ്ഞ സ്ഥിതിയാണ്.

പ്രതിസന്ധി തുടർക്കഥ

ഉഷ്ണതരംഗം മൂലം കടൽമത്സ്യം വളരെ കുറഞ്ഞു. ചൂട് താങ്ങാനാകാതെ ആഴക്കടലിലേക്ക് മത്സ്യങ്ങൾ പോകുന്നതാണ് കാരണം. ചാളയും മത്തിയും പോലുള്ള ഇനങ്ങൾ ലഭിക്കാതായി. ഇത് കടൽമത്സ്യങ്ങളുടെ വില 30 ശതമാനം വർദ്ധിക്കാനും ഇടയാക്കി. വിപണിയിലിപ്പോൾ കൂടുതലും വാള, തിലാപ്പിയ, കരിമീൻ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ്.