ഒല്ലൂർ: കേളത്ത് അരവിന്ദാക്ഷമാരാരുടെ ദേഹവിയോഹത്തിലൂടെ നഷ്ടമായത് സ്വന്തം ജീവിതത്തെക്കാളുപരി മേളത്തേയും മേളക്കാരെയും സ്‌നേഹിച്ച വ്യക്തിയെ. മേളത്തിൽ വലിപ്പച്ചെറുപ്പം നോക്കാതെ തന്റെയും ഒപ്പമുള്ളവരുടേയും കഴിവുകൾ മേളത്തിൽ പ്രകടിപ്പിക്കാൻ പ്രത്യേക ശ്രദ്ധിക്കുന്നത് മാരാരുടെ പ്രത്യേകതയായിരുന്നു. മേള പ്രമാണി എത്ര ഉന്നതാനെണങ്കിലും അവരോട് സമരസപ്പെട്ടുകൊണ്ട് ശുദ്ധ താളം പൊഴിക്കാനും കേളത്തിന് കഴിയുമായിരുന്നു. മേളത്തെ കേവലം ഒരു തൊഴിലാക്കി കാണാതെ സമസ്യയാക്കി കാണാൻ കേളത്തിന് സാധിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ കലാവിജയത്തിന് പിന്നിലെ രഹസ്യം. കൂടാതെ മേളത്തിന് വിളിക്കാനെത്തുന്ന ഭാരവാഹികളോട് പണത്തെച്ചൊല്ലിയുള്ള പരാതിയോ പരിഭവമോ ഇത്രയും കാലത്തിനിടക്ക് ഇദ്ദേഹം ഉന്നയിച്ചിട്ടല്ല. മാത്രമല്ല കിട്ടിയ തുക കുറഞ്ഞുപോയെന്ന് പരാതി പറയുന്ന സഹകലാകാരൻമാർക്ക് തനിക്ക് ലഭിച്ച തുക വീതിച്ച് നൽകി അവരെ സമാധാനിപ്പിക്കാനും കേളത്തിനായിട്ടുണ്ട്. ഒരു പുരസ്‌കാരത്തിനും ബഹുമതിക്കും പരിഗണനയ്ക്കും പിന്നാലെ പോകാൻ കേളത്ത് എന്ന കലാകാരൻ തയ്യാറായിട്ടില്ലെന്നത് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.