ചാലക്കുടി: നഗരസഭയുടെ കാലാവധി തീരാൻ ഒന്നര വർഷം അവശേഷിക്കുമ്പോഴും നേതാക്കളുടെ കിടമത്സരത്താൽ ഭരണസമിതി പ്രവർത്തനം നിശ്ചലമാകുന്നു. മാസങ്ങളായി എല്ലാ വകുപ്പുകളും പ്രവർത്തനരഹിതമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ചെയർമാനും കൂട്ടരും വിവരിക്കുന്നുണ്ടെങ്കിലും നിജസ്ഥിതി ചേരിപ്പോരാണെന്നാണ് ആരോപണം. നിലവിലെ ചെയർമാൻ എബി ജോർജും മുൻ ചെയർമാൻ വി.ഒ.പൈലപ്പനും തമ്മിൽ നടക്കുന്ന കിടമത്സരത്തിന്റെ അവസാനമെത്തിയതിന്റെ സൂചനയാണ് ഇപ്പോൾ പ്രകടമാകുന്നതെന്ന് പറയപ്പെടുന്നു. ഭരണാധികാരികൾ ഭരണത്തിൽ കാര്യക്ഷമായ ഇടപെടാത്തത് വിവിധ വകുപ്പുകൾ നോക്കുകുത്തിയായെന്ന് പ്രതിപക്ഷവും ആരോപിച്ചു. ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരം പ്രവർത്തനം നീങ്ങുമ്പോൾ കൈക്കൂലിയുടെ കൂത്തരങ്ങായി വകുപ്പുകൾ മാറിയെന്നും പ്രതിപക്ഷം പറയുന്നു. ഉദ്യോഗസ്ഥർ തന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ ചെയർമാൻ നടത്തിയത് വിവാദമായിരുന്നു. ത്യാഗം സഹിച്ച് സ്ഥാനത്ത് തുടരുന്നതിലും ഭേദം രാജിവയ്ക്കാൻ പ്രതിപക്ഷം ചോദിച്ചപ്പോൾ ഭരണപക്ഷത്തുള്ളവരും ആസ്വദിച്ചിരുന്നതും അണിയറയിൽ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനയായിരുന്നു. പൈലപ്പന് ശേഷം ചെയർമാനായ എബി ജോർജ് ആരോഗ്യ വിഭാഗത്തിൽ അഴിമതി നടക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് മുതൽ ഉദ്യോഗസ്ഥർ ഭരണസമിതിയുമായി അകൽച്ചയിലായിരുന്നു.
പൊതു മരാമത്ത് വകുപ്പിലും അഴിമതിയുണ്ടെന്ന് പീന്നീട് ചെയർമാൻ ആരോപിച്ചതോടെ അന്തരീക്ഷം കൂടുതൽ വഷളാവുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് രഹസ്യ പിന്തുണ എതിർവിഭാഗത്ത് ലഭിക്കുന്നുണ്ടെന്നാണ് ആരോപണം.സ്ഥിരം സമിതികൾ നിശ്ചലമായെന്നും മുൻ ധാരണപ്രകാരം സമിതി ചെയർമാൻമാരെ ഉടനെ മാറ്റണമെന്നും വി.ഒ.പൈലപ്പൻ ആവശ്യപ്പെട്ടു. ഇതിനായി അദ്ദേഹം കൗൺസിലർമാരുടെ ഒപ്പ് ശേഖരണവും തുടങ്ങി.
ഹെൽത്ത്,പൊതുമരാമത്ത് കമ്മിറ്റികളുടെ അദ്ധ്യക്ഷരായി തന്റെ പക്ഷക്കാരായ വത്സൻ ചമ്പക്കര, പ്രീതി ബാബു എന്നിവരെ അവരോധിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് പറയുന്നു. എന്നാൽ തനിക്ക് അനഭിമതനായ വത്സൻ ചമ്പക്കരയെ അംഗീകരിക്കാൻ എബി ജോർജ് തയ്യാറല്ലത്രെ.
കാലാവധി തീരാറായ സാഹചര്യത്തിൽ പുതുമുഖങ്ങളെ അവരോധിക്കുന്നത് ഉചിതമാകില്ലെന്നും നിർബന്ധമാണെങ്കിൽ ആദ്യഘട്ടത്തിലെ അദ്ധ്യക്ഷന്മാരെ വീണ്ടും തിരഞ്ഞെടുത്താൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും പറയുന്നു. പൈലപ്പന് എതിരെയുള്ള ബദൽ തന്ത്രമാണ് ഇതിന്റെ ലക്ഷ്യമെന്ന് പറയുന്നു. എന്തായാലും പദ്ധതികൾ പാഴാകലും മഴക്കാലത്തിന്റെ തുടക്കവുമെല്ലാം ഭരണസമിതിയുടെ മുന്നിലെ വലിയ വെല്ലുവിളിയാണ്.

ഭിന്നിപ്പ് തുറന്ന് കാട്ടി
കഴിഞ്ഞ കൗൺസിൽ യോഗം

നഗരസഭയിലെ സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ തന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് ചെയർമാൻ എബി ജോർജ് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ ചെയർമാൻ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾക്ക് പോലും ഉദ്യോഗസ്ഥർ പണം നൽകുന്നില്ലെന്നും കൗൺസിലിന്റെ മുൻകൂർ അനുമതി പട്ടികയിൽ ഉൾപ്പെടുന്ന പ്രവർത്തികളുടെ ഫണ്ട് തടഞ്ഞു വയ്ക്കുകയാണ്. എം.സി.എഫിലുണ്ടായ അഗ്‌നിബാധയുടെ രക്ഷാപ്രവർത്തനത്തിനെത്തിയ ജെ.സി.ബിയുടെ പണം തന്റെ പോക്കറ്റിൽ നിന്നാണ് പണം നൽകിയതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചിരുന്നു.
ചെയർമാൻ നിസഹയാവസ്ഥ തുറന്നു കാട്ടിയപ്പോൾ ഇത്രയും ത്യാഗം സഹിച്ച് എന്തിനാണ് ചെയർമാൻ തൽസ്ഥാനത്ത് തുടരുന്നതെന്നും രാജി വച്ചുകൂടെയെന്നും സ്വതന്ത്ര കൗൺസിലർ വി.ജെ. ജോജി ചോദിച്ചിരുന്നു. തുടർന്നുള്ള വാഗ്വാദങ്ങൾക്കിടയിൽ ഭരണപക്ഷത്തുള്ളവരും ചെയർമാനെ പിന്തുണയ്ക്കാൻ മുതിരാതിരുന്നതാണ് അവർക്കിടയിലെ അസ്വസ്ഥത അന്നുതന്നെ പ്രകടമാക്കിയത്.