1

തൃശൂർ: 'കാറ്റു വന്നു, നിന്റെ കാമുകൻ വന്നു '' ജി.കെ. പള്ളത്തിന്റെ രചനയിൽ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച ഗാനം ഇന്നും മലയാളികളുടെ മനസിലുണ്ട്. സുഹൃത്ത് കൂടിയായ ടി.ജി. രവി നിർമ്മിച്ച പാദസ്വരം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതിയത്. നാടക ഗാനങ്ങൾ, തിരഞ്ഞെടുപ്പ് ഗാനങ്ങൾ എന്നിവയെല്ലാം ജി.കെ. പള്ളത്തിൽ നിന്ന് പിറവിയെടുത്തു.

തിരഞ്ഞെടുപ്പ് ഗാനങ്ങൾ എഴുതുന്നതിൽ ജി.കെ. പള്ളത്തിന് കക്ഷി രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിടുന്ന കാലത്ത് എഴുതിയതിങ്ങനെ.
'ജനാധിപത്യവിശ്വാസികളുടെ വിഗ്രഹഭഞ്ജകരേ,
ജനഗണമനയുടെ നാടിന്നൊരു
നവമോചന ഗാഥയുമായി വരുന്നു ഞങ്ങൾ
നാഷണൽ കോൺഗ്രസിൻ ജനശക്തി'

1958 ൽ 16-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ എഴുതിയ 'രക്തത്തിരകൾ നീന്തിവരും, പുലരികളെ ചെമ്പുലരികളെ' എന്ന ഗാനവും ഹിറ്റായിരുന്നു. കെ.എസ്. ജോർജും സുലോചനയും ചേർന്ന് പാടിയ ഈ വിപ്ലവഗാനം കേരളമാകെ പാടിനടന്നു. പിന്നീട് പല തിരഞ്ഞെടുപ്പുറാലികളിലും വേദികളിലുമെല്ലാം ഈ ഗാനം നിറഞ്ഞു. സുഹൃത്തും ഗായകനുമായ ദാസ് കോട്ടപ്പുറമായിരുന്നു സംഗീതം ഒരുക്കിയത്.

ചോര ചുവന്ന ചോര, ചാകര, അമൃതഗീതം, കാട്ടുതീ, കാളിചക്രം, വാൽക്കണ്ണാടി, നൂൽപ്പാലം, കുങ്കുമപ്പൊട്ട്, വീരശൃംഖല തുടങ്ങി നിരവധി ചിത്രങ്ങൾക്കും ഗാനങ്ങൾ എഴുതി. അദ്ദേഹം രചിച്ച ഗാനങ്ങൾ മലയാളത്തിലെ മുൻനിര ഗായകരായ യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം, മാധുരി തുടങ്ങിവരാണ് പാടി അനശ്വരമാക്കിയത്. സിനിമാഗാനങ്ങൾക്കു പുറമേ നാടക ഗാനങ്ങളും, കവിതകളും, ഓണപ്പാട്ടുകളും, ദേശഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിച്ചുണ്ട്.
2016ൽ മാള അരവിന്ദൻ അവസാനമായി അഭിനയിച്ച 'നൂൽപ്പാലം' എന്ന സിനിമക്ക് വേണ്ടിയാണ് ഒടുവിൽ പാട്ടെഴുതിയത്. വിവിധ മേഖലകളിൽ അദ്ദേഹമെഴുതിയ ഗാനങ്ങളുടെ സമാഹാരമായ 'ഗാനാർച്ചന'യുടെ പ്രകാശനം കഴിഞ്ഞ മാസമാണ് നടന്നത്.