കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ആറ്റൂർ അറഫ് സ്‌കൂൾ
ചേലക്കര: വേനൽ ചൂടിനെ വകവെക്കാതെ നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തി. രാജ്യത്തെ സർക്കാർ, സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.ടി.എ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ) പരീക്ഷയാണ് വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ നടന്നത്. ആറ്റൂർ അറഫ് സ്‌കൂളിലാണ് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. 1584 വിദ്യാർത്ഥികളാണ് അറഫയിൽ പരീക്ഷയ്ക്ക് എത്തിയതെന്ന് ഓഫീസർമാരായ ഡേ.ടിറ്റോ വർഗീസ്, ഡോ.കെ.ആർ. സിന്നി, അബ്ദുൾ ഗഫൂർ നാലകത്ത് എന്നിവർ പറഞ്ഞു. ഊഷ്ണകാലത്ത് പരീക്ഷാർത്ഥികൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു. തമിഴ്‌നാട്ടിലെ മദ്രാസ്, നാഗാലാണ്ടിൽ നിന്നും പരീക്ഷഎഴുതാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് തന്നെ അധികൃതർ ഗേറ്റ് തുറന്നു. ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കുകയും തുടർന്ന് രണ്ടു മണിയോടുകൂടി പരീക്ഷയ്ക്ക് തുടക്കം കുറിച്ചു. അഞ്ചേകാലോടെ പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളെ പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി കാലത്തും ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ റെക്കോർഡ് അറഫയിൽ എന്ന ഈ സ്ഥാപനം കരസ്ഥമാക്കിയിരുന്നു. വിദ്യാർത്ഥികൾക്കാവിശ്യമായ എല്ലാ സൗകര്യങ്ങളും വാഹനത്തിലെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യങ്ങളും സ്ഥാപനം ഒരുക്കിയിരുന്നെന്ന് ചെയർമാൻ കെ.എസ്. അബ്ദുല്ല, ജ. സെക്രട്ടറി കെ.എസ് ഹംസ, സെക്രട്ടറി പി.എം.അബ്ദുല്ലത്തീഫ്, പ്രിൻസിപ്പാൾ വസന്ത മാധവൻ എന്നിവർ പറഞ്ഞു.