അരളിയെച്ചൊല്ലി വിവാദം പുഷ്പിക്കുകയാണ്. അരളിയുടെ ഇല അബദ്ധത്തിലൊന്ന് കടിച്ചു ചവച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ പള്ളിപ്പാട് കൊണ്ടൂരേത്ത് വീട്ടിൽ സൂര്യാ സുരന്ദ്രന് സ്വന്തം ജീവനാണ് നഷ്ടമായത്! യു.കെയിൽ നഴ്സിംഗ് ജോലി കിട്ടി, യാത്രയ്ക്കു പുറപ്പെടുന്നതിനു മുമ്പ് അയൽവീടുകളിൽ യാത്രപറയാൻ പോയതായിരുന്നു സൂര്യ. മടങ്ങുംവഴി മൊബൈലിൽ കാൾ വന്നപ്പോൾ അടുത്തുള്ള അരളിച്ചുവട്ടിൽ നിന്ന് ഫോണെടുത്തു. സംസാരത്തിനിടെ അരളിയുടെ ഇലയും പൂവും പറിച്ചെടുത്ത് വെറുതെ അതിന്റെ തുമ്പ് വായിൽവച്ചു കടിച്ചു! പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തു. അതു മതിയായിരുന്നു, ആ പെൺകുട്ടിയുടെ ജീവനെടുക്കാൻ!
ഇന്നലെ പത്തനംതിട്ടയിൽ നിന്നുള്ള വാർത്ത, അരളിച്ചെടി തിന്ന പശുവും കിടാവും ചത്തെന്നാണ്. വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇലകൾ അബദ്ധത്തിൽ പശുവിനും കിടാവും തിന്നാൻ ഇട്ടുകൊടുക്കുകയായിരുന്നു. ക്ഷേത്രപൂജകൾക്കെല്ലാം അരളിപ്പൂവ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രസാദത്തിനൊപ്പം കിട്ടുന്ന അരളിപ്പൂവിൽ ഇങ്ങനെയൊരു കൊടുംവിഷം ഒളിച്ചിരിപ്പുണ്ടെന്ന് ആരോർക്കുന്നു! പൂജകൾക്കും നിവേദ്യത്തിനും ഉപയോഗിച്ചിരുന്ന തെറ്റിപ്പൂവിന്റെ ലഭ്യത കുറഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് അരളിപ്പൂവ് കയറിവന്നത്. അതോടെ ഡിമാൻഡും വിലയും കുതിച്ചുകയറി. ആലപ്പുഴയിൽ പെൺകുട്ടിയുടെ മരണത്തിന് അരളിപ്പൂവ് ഇടയാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ അരളി വാങ്ങാൻ ആളില്ലാതായി. ഒറ്റദിവസംകൊണ്ട് അരളിയുടെ പ്രതാപം പൊലിഞ്ഞു.
കാണാൻ ചന്തമുള്ള അരളി അത്ര പന്തിയല്ലെന്ന് മുന്നറിയിപ്പു നല്കുന്നുണ്ട്, കൃഷി ശാസ്ത്രജ്ഞർ. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനോ പ്രസാദങ്ങൾക്കോ ഒപ്പം കിട്ടുന്ന അരളിപ്പൂ ചവയ്ക്കുന്നത് അപകടമുണ്ടാക്കാനിടയുണ്ട്. തുളസിയില കഴിക്കുന്നതു പോലെ ഭക്തരിൽ ചിലർ ഇത് കഴിക്കാനിടയുള്ളതുകൊണ്ട് പ്രത്യേകം സൂക്ഷിക്കണം. അപ്പോസയനേസിയെ (Apocynaceae) കുടുംബത്തിൽപ്പെട്ട സസ്യമാണ് അരളി. നിരിയം ഒലിയാൻഡർ
(Nerium oleander) എന്നാണ് ശാസ്തീയനാമം. മെഡിറ്ററേനിയൻ പ്രദേശമാണ് ഉത്ഭവസ്ഥലം. കേരളം ഉൾപ്പെടെ ഉഷ്ണ, മദ്ധ്യോഷ്ണ മേഖലകളിൽ വ്യാപകമായി കണ്ടുവരുന്നു. പിങ്ക്, ചുവപ്പ്, വെള്ള നിറങ്ങളിലും, ഇവ ഇടകലർന്ന നിറത്തിലും കാണാറുണ്ട്. പിങ്ക് നിറത്തിൽ ആകർഷകമായ പൂക്കളുള്ളതിനാൽ പലരും വീട്ടിൽ വളർത്തുന്നുണ്ട്. ദേശീയപാതകളിലെ ട്രാഫിക് ഐലൻറുകളിലും ഡിവെെഡറുകളിലും ധാരാളമായി വച്ചുപിടിപ്പിച്ചിട്ടുമുണ്ട്.
മറ്റ് വിഷാംശങ്ങളും അരളിച്ചെടിയിൽ ഉണ്ടെങ്കിലും ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിനിൻ എന്നീ ഘടകങ്ങളാണ് കൂടുതൽ മാരകം. ഹൃദയത്തെയും നാഡികളെയും നേരിട്ടു ബാധിക്കുന്ന മാരകവിഷമാണ് ഇത്. രക്തം പമ്പ് ചെയ്യുന്നതിന്റെ ക്രമം തെറ്റി ഹൃദയം സ്തംഭിക്കുകയാണ് ചെയ്യുക. നിർജലീകരണം, വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടാകാം. ശരീരത്തിൽ ഇതിന്റെ നീര് പ്രവേശിക്കുന്നതിന്റെ അളവിന് അനുസരിച്ചാണ് അപകട സാദ്ധ്യത. ഇല, തണ്ട്, വേര്, കായ് എന്നിവ ഉൾപ്പെടെ ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ടെങ്കിലും ഇലയിലും തണ്ടിലുമാണ് കൂടുതൽ. പൂക്കളിൽ താരതമ്യേന കുറവാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി. സുജനപാൽ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ)