തൃശൂർ: വെളുത്തൂർ ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ എട്ട്, ഒൻപത് തീയതികളിലായി നടക്കുന്ന മേടഭരണി കാർത്തിക വേലാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വേലയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ചമയ പ്രദർശനവും ഇരട്ട തായമ്പകയുമുണ്ടാകും. നാളെ ഉച്ചയ്ക്ക് 12.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, വൈകിട്ട് നാലിനും 9ന് പുലർച്ചെ നാലിനും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിലുള്ള മേളത്തിൽ 150ൽപരം കലാകാരന്മാർ പങ്കെടുക്കും. വൈകിട്ട് ഏഴിന് വർണ്ണമഴ, തുടർന്ന് ഗാനമേളയും നടക്കും. പുലർച്ചെ ഒന്നിന് ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പ് നടക്കും. പുലർച്ചെ പൂരത്തിന് നമ്പോർക്കാവ്, നെയ്തലക്കാവ് ഭഗവതിമാരുടെ കോമരങ്ങൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം വിവിധ ദേശങ്ങളിലെ വേലകൾ അനുഷ്ഠാന കലകളോടെ ക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ട് ആറിന് കാവുതീണ്ടലോടെ വേല സമാപിക്കുമെന്ന് നമ്പോർക്കാവ് ദേവസ്വം പ്രസിഡന്റ് കെ.രാമചന്ദ്രൻ, സെക്രട്ടറി പർളിയിൽ കൃഷ്ണൻകുട്ടി നായർ, ഗോപി അറയ്ക്കൽ, കെ.കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.