കൊടുങ്ങല്ലൂർ: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹകരണത്തോടെ മതിലകം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ഔഷധ സസ്യക്കൃഷി ശ്രദ്ധേയമാകുന്നു. കുറുന്തോട്ടി, മഞ്ഞൾ, കച്ചോലം, കൃഷ്ണതുളസി, തിപ്പലി, ചെത്തി, കൊടുവേലി തുടങ്ങിയ ഔഷധ സസ്യങ്ങൾ കൃഷി ചെയ്ത് പ്രമുഖ ആയുർവേദ മരുന്ന് കമ്പനികൾക്ക് വിൽപ്പന നടത്തുന്നതാണ് പദ്ധതി. മതിലകം പഞ്ചായത്തിൽ 16-ാം വാർഡ് മെമ്പർ ഇ.കെ. ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 100 ൽപരം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷംതോറും അയ്യായിരത്തിലധികം തൊഴിൽ ദിനങ്ങൾ നൽകി അഖിലേന്ത്യാതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട പദ്ധതി പഞ്ചായത്തിലെ 17 വാർഡുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ഔഷധ സന്ധ്യക്കൃഷിയുടെ വിത്തിടലിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. കെ.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സുജനപാൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില, കെ.എഫ്.ആർ.ഐ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ഒ.എ. ജെൻട്രിൻ, കെ.കെ. സഗീർ, പ്രിയ ഹരിലാൽ, പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ, ഹേമലത ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ലക്ഷ്യം മൂന്ന് ലക്ഷം കുറുന്തോട്ടി തൈകളുടെ ഉത്പാദനം
മൂന്ന് ലക്ഷം കുറുന്തോട്ടി തൈകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് സുസ്ഥിര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യക്കൃഷി നടത്തുന്നത്. വീട്ടമ്മമാർക്ക് കൂടി സാമ്പത്തികനേട്ടം ഉണ്ടാക്കുകയും 2024-25 വർഷത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുപ്പതിനായിരത്തിലധികം തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.