കൊടുങ്ങല്ലൂർ : സവാളയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചതിന് പിന്നാലെ സവാളയ്ക്ക് വീണ്ടും വില കൂടി. മദ്ധ്യകേരളത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോട്ടപ്പുറം മാർക്കറ്റിൽ ഒരാഴ്ച മുമ്പ് വരെ കിലോഗ്രാമിന് 20 രൂപ വിലയുണ്ടായിരുന്ന സവാളയുടെ തിങ്കളാഴ്ചയിലെ ചില്ലറ വില 30 രൂപയായി. ചെറിയതും ഗുണനിലവാരം കുറഞ്ഞതുമായ സവാളയും വിപണിയിലെത്തിയിരുന്നു. ഇതിന്റെ വില 28 രൂപയായിരുന്നു. ഇനിയും സവാളയ്ക്ക് വില കൂടിയേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഡിസംബറിലാണ് കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞവിളവെടുപ്പ് സീസണിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദനത്തിൽ കനത്ത ഇടിവ് നേരിട്ടതോടെയും വില കുത്തനെ ഉയർന്നിരുന്നു.